‘റെക്കോര്‍ഡുകളെക്കുറിച്ചല്ല നിങ്ങള്‍ മറച്ച കണ്ണീരിനെക്കുറിച്ച് ഞാനോര്‍ക്കും’ – കോഹ്‌ലിയുെട വിരമിക്കലിനു പിന്നാലെ വൈകാരിക കുറിപ്പുമായി അനുഷ്‌ക

Jaihind News Bureau
Monday, May 12, 2025

‘അവര്‍ റെക്കോര്‍ഡുകളെക്കുറിച്ചും നിങ്ങള്‍ പിന്നിട്ട നാഴികക്കല്ലുകളെക്കറിച്ചും സംസാരിക്കും. എന്നാല്‍, നിങ്ങള്‍ ഒരിക്കലും പുറത്തേക്ക് കാണിച്ചിട്ടില്ലാത്ത കണ്ണീരിനെക്കുറിച്ചും ആരും കാണാത്ത പോരാട്ടങ്ങളെക്കുറിച്ചും ക്രിക്കറ്റിന്റെ ഈ ഫോര്‍മാറ്റിനോട് കാണിച്ച അചഞ്ചലമായ സ്നേഹത്തെക്കുറിച്ചുമായിരിക്കും ഞാന്‍ ഓര്‍ക്കുക’- അനുഷ്‌ക കുറിച്ചു. ‘ഇതിനെല്ലാമായി നിങ്ങള്‍ എത്രമാത്രം സഹിച്ചുവെന്ന് എനിക്കറിയാം. ഒരോ ടെസ്റ്റ് സീരീസിന് ശേഷവും നിങ്ങള്‍ കൂടുതല്‍ ബുദ്ധിമാനും വിനയാന്വിതനുമായി തിരിച്ചെത്തും. ഈ അനുഭവങ്ങളിലൂടെ നിങ്ങള്‍ വളരുന്നത് കാണാന്‍ എനിക്ക് അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു’, അനുഷ്‌ക കൂട്ടിച്ചേര്‍ത്തു.

2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റം കുറിച്ചതിനുശേഷം 123 ടെസ്റ്റുകളില്‍ കളിച്ച കോഹ്ലിയുടെ 14 വര്‍ഷം നീണ്ടുനിന്ന റെഡ്-ബോള്‍ കരിയറിനാണ് തിരശ്ശീല വീണിരിക്കുന്നത്. 2013 ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിരമിച്ചതിനുശേഷം, ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ബാറ്റിംഗ് മുഖ്യധാരയായി കോഹ്ലി ഉയര്‍ന്നുവന്നു. ടെസ്റ്റില്‍ 10,000 റണ്‍സ് നേടണമെന്നതാണ് തന്റെ ആഗ്രഹമെന്ന് കോലി ആ അഭിമുഖത്തില്‍ പറയുന്നുണ്ട്. ആ ആഗ്രഹം ബാക്കിവെച്ചാണ് അദ്ദേഹം പടിയിറങ്ങുന്നത്.