ഇന്ത്യയുടെ പോരാട്ടം തീവ്രവാദികള്‍ക്കെതിരെയാണെന്നും പാകിസ്ഥാന്‍ സൈന്യം ഇടപെടാന്‍ തീരുമാനിച്ചത് ഖേദകരമാണെന്നും എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി പറഞ്ഞു. ‘പാകിസ്ഥാന്‍ സൈന്യം ഇടപെടാന്‍ തീരുമാനിച്ചത് വളരെ ദയനീയമാണ്, അത് തീവ്രവാദികള്‍ക്ക് വേണ്ടിയാണ്, അതുകൊണ്ടാണ് ഞങ്ങള്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്,’ അദ്ദേഹം പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാന്‍ കര-വ്യോമ-നാവിക സേനാ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം പറഞ്ഞത്. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് രണ്ട് ദിവസത്തിന് ശേഷമാണ് സമ്മേളനം നടക്കുന്നത്. ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് (ഡയറക്ടര്‍ ജനറല്‍ മിലിട്ടറി ഓപ്പറേഷന്‍സ്), വൈസ് അഡ്മിറല്‍ എ എന്‍ പ്രമോദ് (ഡയറക്ടര്‍ ജനറല്‍ നേവല്‍ ഓപ്പറേഷന്‍സ്), എയര്‍ മാര്‍ഷല്‍ എ കെ ഭാരതി (ഡയറക്ടര്‍ ജനറല്‍ എയര്‍ ഓപ്പറേഷന്‍സ്), എന്നിവരാണ് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. പാകിസ്താന്റെ വ്യോമതാവളങ്ങളുടെയും തകര്‍ത്ത വിമാനങ്ങളുടെയും ഡ്രോണുകളുടെയും ദൃശ്യങ്ങള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടായിരുന്നു വാര്‍ത്താസമ്മേളനത്തിന്റെ തുടക്കം.
നമ്മുടെ യുദ്ധസംവിധാനങ്ങള്‍ കാലത്തിന്റെ പരീക്ഷണത്തെ അതിജീവിക്കുകയും അവയെ നേരിടുകയും ചെയ്തുവെന്ന് എയര്‍ മാര്‍ഷല്‍ അറിയിച്ചു. തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനമായ ആകാശ് സിസ്റ്റത്തിന്റെ മികച്ച പ്രകടനമാണ് മറ്റൊരു പ്രത്യേകത. കഴിഞ്ഞ ദശകത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ്, നയപരമായ പിന്തുണ എന്നിവകൊണ്ടു മാത്രമാണ് ശക്തമായ വ്യോമ പ്രതിരോധ പരിസ്ഥിതിയെ ഒരുമിച്ചു കൊണ്ടുവരാനും പ്രവര്‍ത്തിപ്പിക്കാനും കഴിഞ്ഞതെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ മുഴുവന്‍ സൈനിക താവളങ്ങളും സംവിധാനങ്ങളും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്നും ആവശ്യം വന്നാല്‍ ഭാവിയിലെ ഏത് ദൗത്യങ്ങളും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും എയര്‍ മാര്‍ഷല്‍ അറിയിച്ചു.
അതേ സമയം ദിവസങ്ങള്‍ നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന മന്ത്രിമാരുമായും സൈനിക ഉദ്യോഗസ്ഥരുമായും അദ്ദേഹത്തിന്റെ വസതിയില്‍ തിങ്കളാഴ്ച ഉന്നതതല യോഗം ചേര്‍ന്നു. ഇരു രാജ്യങ്ങളുടെയും സൈനിക ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍മാര്‍ (ഡിജിഎംഒ) തമ്മില്‍ ഇന്ന് നടക്കാനിരുന്ന നിര്‍ണായക ചര്‍ച്ച വൈകുന്നേരത്തേക്ക് മാറ്റി. ഇന്ത്യയുടെ ഡിജിഎംഒ ലഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായിയും പാകിസ്ഥാന്‍ ഡിജിഎംഒ മേജര്‍ ജനറല്‍ കാഷിഫ് അബ്ദുള്ളയും തമ്മിലാണ് ചര്‍ച്ച നടക്കുക. നേരത്തെ ഉച്ചയ്ക്ക് 12 മണിക്ക് നിശ്ചയിച്ചിരുന്ന ചര്‍ച്ചയാണ് വെളിപ്പെടുത്താത്ത കാരണങ്ങളാല്‍ വൈകുന്നേരത്തേക്ക് മാറ്റിയത്.