ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മോഷണം: മണല്‍പരപ്പില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തി; ദുരൂഹത തുടരുന്നു

Jaihind News Bureau
Monday, May 12, 2025

Sree-Padmanabha-Swamy-Temple

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും 107 ഗ്രാം തൂക്കമുള്ള സ്വര്‍ണദണ്ഡ് മോഷണം പോയസംഭവത്തില്‍ ദുരൂഹത തുടരുന്നു. ശ്രീകോവിലില്‍ സ്വര്‍ണം പൂശാനായി സൂക്ഷിച്ച സ്വര്‍ണമാണ് കാണാതായിരുന്നത്. ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയില്‍ ക്ഷേത്രത്തിനുളളിലെ മണല്‍പ്പരപ്പില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു.

സ്‌ട്രോങ്ങ് റൂം തുറന്നുള്ള മോഷണത്തിന് ശ്രമം നടന്നിട്ടില്ല എന്നാണ് പോലീസ് നിഗമനം. സ്വര്‍ണ്ണം ലഭിച്ച ആരെങ്കിലും മണല്‍ പരപ്പില്‍ ഇത് ഒളിപ്പിച്ചതാണോ എന്ന സംശയവും പോലീസിനുണ്ട്. ക്ഷേത്രം ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. അതീവ സുരക്ഷാ മേഖലയില്‍ സ്വര്‍ണ്ണം കാണാതായത് വലിയ സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.