ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണ നടപടികള്‍ വെളിപ്പെടുത്തി സൈന്യം; വിമാനറാഞ്ചലിലെയും പുല്‍വാമ ആക്രമണത്തിലെയും പ്രതികള്‍ ഉള്‍പ്പെടെ 100 ഭീകരരെ വധിച്ചു

Jaihind News Bureau
Sunday, May 11, 2025

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി ഒന്‍പത് ഭീകര ക്യാമ്പുകള്‍ തകര്‍ത്തു. ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ട ആക്രമണത്തില്‍ 100ല്‍ ഏറെ ഭീകരര്‍ വധിക്കപ്പെട്ടു. 1999-ലെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം (IC-814) റാഞ്ചിയതിലും 2019-ലെ പുല്‍വാമ ഭീകരാക്രമണത്തിലും പങ്കാളികളായ ഒട്ടേറെ ഉന്നത പാകിസ്ഥാനി ഭീകരരും ഉള്‍പ്പെട്ടിരുന്നതായി ഇന്ത്യന്‍ സൈന്യം ഞായറാഴ്ച സ്ഥിരീകരിച്ചു. ‘ആ ഒന്‍പത് ഭീകര കേന്ദ്രങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ യൂസഫ് അസ്ഹര്‍, അബ്ദുള്‍ മാലിക് റൗഫ്, മുദാസിര്‍ അഹമ്മദ് തുടങ്ങിയവര്‍ ഉള്‍പ്പെടെ 100-ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടു. ഇവര്‍ IC-814 റാഞ്ചലിലും പുല്‍വാമ സ്‌ഫോടനത്തിലും ഉള്‍പ്പെട്ടവരാണ്,’ ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (DGMO) ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് സൈനിക വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊല്ലപ്പെട്ട പ്രമുഖ ഭീകരരുടെ പേരുകളും ഇന്ത്യന്‍ സേന ഔദ്യോഗികമായി പുറത്തുവിട്ടു. ഭീകരതയോട് സഹിഷ്ണുതയില്ലാത്തതാണ് ഇന്ത്യയുടെ നിലപാട്. ‘ഭീകരതയുടെ ആസൂത്രകരെയും നടത്തിപ്പുകാരെയും ശിക്ഷിക്കുക, അവരുടെ ഭീകര അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുക എന്ന വ്യക്തമായ സൈനിക ലക്ഷ്യത്തോടെയാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആസൂത്രണം ചെയ്തത്. ‘ലഷ്‌കര്‍ ഇ തൊയ്ബയുടെ കേന്ദ്രമായ മുറിദ്കെ പോലുള്ള സ്ഥലങ്ങള്‍ വര്‍ഷങ്ങളായി അജ്മല്‍ കസബിനെയും ഡേവിഡ് ഹെഡ്ലിയെയും പോലുള്ള കുപ്രസിദ്ധ തീവ്രവാദികളെ സൃഷ്ടിച്ചതാണ്. അത്തരം കേന്ദ്രങ്ങളും സൈന്യം ലക്ഷ്യമിട്ടവയില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ വെളിപ്പെടുത്തലുകള്‍ ഇന്ത്യയുടെ ഭീകരവിരുദ്ധ പോരാട്ടത്തിലെ നിര്‍ണായക മുന്നേറ്റമായാണ് വിലയിരുത്തപ്പെട്ടത്. അതിര്‍ത്തി കടന്നുള്ള ഭീകരതയെ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശമാണ് ‘ഓപ്പറേഷന്‍ സിന്ദൂരി’ലൂടെ ഇന്ത്യ നല്‍കിയത്. കൊല്ലപ്പെട്ട ഭീകരരുടെ പട്ടിക പുറത്തുവന്നതോടെ, പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.

ജെയ്ഷെ മുഹമ്മദ് (JeM) തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരനായ യൂസഫ് അസ്ഹര്‍, 1999-ല്‍ മസൂദ് അസ്ഹറിനെ മോചിപ്പിക്കുന്നതിലേക്ക് നയിച്ച IC-814 വിമാനറാഞ്ചല്‍ കേസിലെ പ്രധാന പ്രതിയായിരുന്നു. ഭീകരസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ നിര്‍ണായക പങ്ക് വഹിക്കുകയും ആയുധ പരിശീലനത്തിന് മേല്‍നോട്ടം വഹിക്കുകയും ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അബ്ദുള്‍ മാലിക് റൗഫ് ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ (LeT) ഉന്നത കമാന്‍ഡറായിരുന്നു. ഇയാളെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. മുദാസിര്‍ അഹമ്മദ് ലഷ്‌കറിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനും ഭീകരസംഘടനയുടെ ആസ്ഥാനമായ മുറിദ്കെയിലെ മര്‍ക്കസ് തൈബയുടെ ചുമതലക്കാരനുമായിരുന്നു.