ഇസ്ലാമാബാദ്: ഇന്ത്യന്‍ സായുധ സേനയുടെ ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനിലെ നൂര്‍ ഖാന് വ്യോമതാവളത്തിനുണ്ടായ കേടുപാടുകള്‍ വ്യക്തമാക്കുന്ന സാറ്റലൈറ്റ് ദൃശ്യങ്ങള്‍ ചൈനീസ് സാറ്റലൈറ്റ് സ്ഥാപനമായ ‘മിസാസ്വിഷന്‍’ (MIZAZVISION) പുറത്തുവിട്ടു. പാകിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദില് നിന്ന് ഏകദേശം 10 കിലോമീറ്റര്‍ മാത്രം അകലെയാണ് നൂര്‍ ഖാന് വ്യോമതാവളം.
റാവല്‍പിണ്ടിക്കും ഇസ്ലാമാബാദിനുമിടയില്‍ ചക്ലാലയിലാണ് പാകിസ്ഥാന് എയര്‍ഫോഴ്സിന്റെ നൂര്‍ വ്യോമതാവളം. ഇവിടെ നിന്ന് ഇസ്ലാമാബാദിലേയ്ക്ക് കേവലം 10 കിലോമീറ്റര്‍ മാത്രമാണുള്ളത്. ആക്രമണത്തിന്റെ വ്യാപ്തിയും നാശനഷ്ടത്തിന്റെ കൃത്യമായ കണക്കുകളും ഈ ചിത്രങ്ങളില്‍ വ്യക്തമല്ലെങ്കിലും കെട്ടിടങ്ങള്‍ക്കും റണ്‍വേയുടെ ഭാഗങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി സൂചനയുണ്ട്. നൂര്‍ നാശഷ്ടങ്ങളെക്കുറിച്ചോ ഇന്ത്യയോ പാകിസ്ഥാനോ ഔദ്യോഗികമായി സ്ഥിരീകരണങ്ങളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ ഡ്രോണ്‍ ആക്രമണം റാവല്‍പിണ്ടിയും കടന്നു പോയതായി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് വെളിപ്പെടുത്തിയിരുന്നു.
പാകിസ്ഥാന് സൈന്യത്തിന്റെ ആസ്ഥാനത്തിന് സമീപം റാവല്‍പിണ്ടിയില്‍ സ്ഥിതി ചെയ്യുന്ന നൂര്‍ ഖാന് വ്യോമതാവളത്തിന് നേരെയുണ്ടായ ഇന്ത്യന്‍ ആക്രമണം പാകിസ്ഥാന് തന്ത്രപരവും പ്രതീകാത്മകവുമായ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. പാകിസ്ഥാന്റെ എയര്‍ മൊബിലിറ്റി കമാന്‍ഡിന്റെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താവളമാണിത്. ഈ ആക്രമണം അയല്‍രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിലെ (ADS) പിഴവുകളും ഇത്രയും തന്ത്രപ്രധാനമായ ഒരു ലക്ഷ്യം പ്രതിരോധിക്കാനുള്ള അവരുടെ കഴിവില്ലായ്മയും കൂടുതല്‍ വെളിപ്പെടുത്തുന്നതാണ്.
തന്ത്രപരമായ പ്രഹരം, പാക് പ്രതിരോധത്തിലെ പാളിച്ചകള്‍
ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം നൂര്‍ ഖാന് വ്യോമതാവളത്തിലെ സുപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ഉപഗ്രഹ ചിത്രങ്ങളില്‍ കാണുന്ന നാശനഷ്ടങ്ങള്‍ ഇത് ശരിവയ്ക്കുന്നു. പാകിസ്ഥാന് സൈന്യത്തിന്റെ ഹൃദയഭാഗത്ത്, അതീവ സുരക്ഷാ മേഖലയിലുള്ള ഒരു വ്യോമതാവളത്തില്‍ ഇത്രയും കൃത്യമായ ആക്രമണം നടത്താന്‍ ഇന്ത്യക്ക് കഴിഞ്ഞത് പാകിസ്ഥാന്റെ പ്രതിരോധ സംവിധാനങ്ങളുടെ പോരായ്മകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
നൂര്‍ ഖാന് വ്യോമതാവളം പാകിസ്ഥാന്റെ സൈനിക നീക്കങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഒന്നാണ്. ഇവിടെയുണ്ടായ നാശനഷ്ടങ്ങള്‍ പാകിസ്ഥാന്റെ വ്യോമയാന ശേഷിയെയും സൈനിക പ്രവര്‍ത്തനങ്ങളെയും ബാധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ നാശനഷ്ടം ഒന്നുമുണ്ടായിട്ടില്ലൈന്ന പാക് സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ക്കിടെയാണ് ഈ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവരുന്നത്.