മികച്ച സംഘാടകനെ നഷ്ടമായെന്ന് കെ സുധാകരന്‍; എം ജി കണ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

Jaihind News Bureau
Sunday, May 11, 2025

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു മികച്ച സംഘാടകനെ നഷ്ടമായി: കെ സുധാകരന്‍

കോണ്‍ഗ്രസിനെ ജീവവായുവായി കണ്ട് രാവും പകലും പാര്‍ട്ടിക്കായി ഓടി നടന്ന എം ജി കണ്ണന്റെ വിയോഗത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു മികച്ച സംഘാടകനെയും നാടിന് ആത്മാര്‍ത്ഥതയുള്ള ഒരു പൊതുപ്രവര്‍ത്തകനെയുമാണ് നഷ്ടപ്പെട്ടതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അനുശോചിച്ചു. കുഞ്ഞനുജന്‍ എം.ജി കണ്ണന് ആദരാഞ്ജലികള്‍. കുടുംബത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു’ അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റും, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുന്‍ മെമ്പറും, അടൂര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ആയിരുന്ന എംജി കണ്ണന്റെ അപ്രതീക്ഷിത വിയോഗം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീരാ നഷ്ടമാണെന്ന് നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അനുശോചിച്ചു. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും ഒപ്പം കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് ആയിരുന്ന എംജി കണ്ണന്റെ നിര്യാണത്തില്‍ രമേശ് ചെന്നിത്തല എംഎല്‍എ അനുശോചിച്ചു. പത്തനംതിട്ട ജില്ലയിലെ തലയെടുപ്പുള്ള യുവ കോണ്‍ഗ്രസ് നേതാവായിരുന്നു എം ജി കണ്ണനെന്നും പാര്‍ട്ടിയില്‍ മാത്രമല്ല പാര്‍ലമെന്ററി ഡെമോക്രസിയിലും തന്റേതായ സംഭാവനകള്‍ അദ്ദേഹം നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ മരണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തന്നെ കനത്ത നഷ്ടമാണെന്നും നഷ്ടപ്പെട്ടത് ഊര്‍ജ്ജസ്വലനായ ഒരു പടനായകനെയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.