ന്യൂഡല്‍ഹി: ഇന്ത്യന്‍ സായുധ സേന തങ്ങള്‍ ആര്‍ക്കും പിന്നിലല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ്. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് കാശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹല്‍ഗാം ദുരന്തവുമായി ബന്ധപ്പെട്ട ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംഭവവികാസങ്ങള്‍ അതിവേഗം മാറിയിരിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ഞങ്ങളെ അത്ഭുതപ്പെടുത്തി, ഇത് ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. ആ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ എഴുതിയിരുന്നത് ശ്രദ്ധേയമാണ്. ഇത് കാശ്മീര്‍ വിഷയം അന്താരാഷ്ട്രവത്കരിക്കാനുള്ള ശ്രമമാണ്,’ പൈലറ്റ് പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ പോസ്റ്റിനെ കുറിച്ചായിരുന്നു പൈലറ്റിന്റെ പ്രതികരണം
പാര്‍ലമെന്റ് സമ്മേളനം വേണം, ചരിത്രം ഓര്‍മ്മിപ്പിച്ച് പൈലറ്റ്
‘പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും പ്രധാനമന്ത്രി പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കണമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി ഇതിനു മുമ്പും ആവശ്യപ്പെട്ടിരുന്നു. ഇത് ലോകത്തിന് ഒരു സന്ദേശം നല്‍കും. 1994-ലെ പാര്‍ലമെന്റ് പ്രമേയം നമ്മള്‍ ആവര്‍ത്തിക്കണം. അന്ന് എല്ലാ പാര്‍ട്ടികളും ഏകകണ്ഠമായി പാക് അധീന കാശ്മീര്‍ (PoJK) ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും നമ്മള്‍ അത് തിരിച്ചുപിടിക്കുമെന്നും പ്രമേയം പാസാക്കിയിരുന്നു,’ പൈലറ്റ് ഓര്‍മ്മിപ്പിച്ചു.
‘1971-ലെ യുദ്ധത്തില്‍, ഞങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഏഴാം കപ്പല്‍ വ്യൂഹത്തെ വിന്യസിക്കുകയാണെന്ന് അമേരിക്ക പറഞ്ഞു. എന്നാല്‍, അതൊന്നും വകവെക്കാതെ നമ്മുടെ നേതാവ് ഇന്ദിരാഗാന്ധി രാജ്യത്തിന്റെ പരമമായ താല്‍പ്പര്യം സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ദേശീയ താല്‍പ്പര്യത്തിന് പരമപ്രാധാന്യം നല്‍കിയ നേതാവായാണ് ഇന്ന് നമ്മള്‍ ഇന്ദിരയെ ഓര്‍ക്കുന്നത്. പാര്‍ലമെന്റ് ആക്രമണമുണ്ടായപ്പോള്‍ അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയും സോണിയാ ഗാന്ധി പ്രതിപക്ഷ നേതാവുമായിരുന്നു. അന്ന് പ്രതിപക്ഷം സര്‍ക്കാരിനൊപ്പമുണ്ടെന്ന് അവര്‍ പറഞ്ഞു. ഇത്തവണയും പ്രതിപക്ഷം സര്‍ക്കാരിനെ പിന്തുണച്ചു, എന്നാല്‍ അമേരിക്ക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച രീതി ഒരു ദ്വിരാഷ്ട്ര പ്രശ്‌നം അന്താരാഷ്ട്രവത്കരിക്കാനുള്ള ശ്രമമായിരുന്നു. സച്ചിന്‍ ആരോപിച്ചു.
കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷം നല്‍കിയ ‘അചഞ്ചലവും അഭൂതപൂര്‍വവുമായ പിന്തുണ’ എടുത്തുപറഞ്ഞ പൈലറ്റ്, സര്‍ക്കാര്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവര്‍ത്തിച്ചു.കാശ്മീര്‍ പോലുള്ള നിര്‍ണായക വിഷയങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ അംഗീകരിക്കാനാവില്ലെന്നും, രാജ്യത്തിന്റെ ഐക്യവും പരമാധികാരവും ഉയര്‍ത്തിപ്പിടിക്കാന്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നും സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടു