ഐപിഎല്‍ പുനഃരാരംഭിച്ചേക്കും; ബിസിസിഐ യോഗത്തില്‍ അന്തിമ തീരുമാനം

Jaihind News Bureau
Sunday, May 11, 2025

സുരക്ഷാ ഭീഷണികളെത്തുടര്‍ന്ന് ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ച ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ ഈയാഴ്ച തന്നെ പുനരാരംഭിച്ചേക്കും. ലീഗിലെ അവശേഷിക്കുന്ന 16 മത്സരങ്ങളും ഈ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ബിസിസിഐ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കളിക്കാര്‍ ചൊവ്വാഴ്ച്ച ടീമുകള്‍ക്കൊപ്പം ചേരണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടു. പുതിയ മത്സരക്രമം തയ്യാറാക്കി ഐപിഎല്‍ ഉടന്‍ പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നതായി ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചതായാണ് സൂചന. ധര്‍മ്മശാലയൊഴികെ മറ്റു മത്സര വേദികളെല്ലാം നിലനിര്‍ത്തിയേക്കും. ഇന്നല്ലെങ്കില്‍ നാളെ നടക്കുന്ന ഐപിഎല്‍ ഭരണസമിതിയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

സുരക്ഷാ കാരണങ്ങളാല്‍ വ്യാഴാഴ്ച ധര്‍മ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള ഐപിഎല്‍ മത്സരം റദ്ദാക്കിയിരുന്നു. ധര്‍മ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിലെ ഫ്‌ലഡ്ലൈറ്റുകള്‍ അണഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. മുന്‍കരുതല്‍ നടപടിയായാണ് തീരുമാനമെടുത്തതെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍ പറഞ്ഞിരുന്നു.