യുദ്ധമുഖത്ത് മലയാളികള്‍ക്ക് സഹായ ഹസ്തവുമായി കെ.സി.വേണുഗോപാല്‍ എംപി

Jaihind News Bureau
Saturday, May 10, 2025

സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വൈകിയതോടെ സംഘര്‍ഷ ബാധിത പ്രദേശത്ത് അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സഹായവുമായി കെ.സി.വേണുഗോപാല്‍ എം പി. വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പോഷക സംഘടനകളുടെയും സഹകരണത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി നാട്ടിലേക്കെത്താനുള്ള ക്രമീകരണം കെ സി വേണുഗോപാല്‍ ഒരുക്കിയത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഏകോപനം അദ്ദേഹത്തിന്റെ ഡല്‍ഹിയിലെയും ആലപ്പുഴയിലെയും ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് നടത്തിയത്.

കെ.സി.വേണുഗോപാലിന്റെ ഇടപെടലിനെ തുടര്‍ന്ന് പഞ്ചാബില്‍ നിന്നുള്ള 32 ഓളം പേരുടെ ആദ്യ സംഘം ഇന്നലെയും ഇന്നുമായി കേരളത്തിലേക്ക് യാത്ര തിരിച്ചു. ജമ്മു കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സംഘം മംഗളാ എക്സ്പ്രസ്സില്‍ കേരളത്തിലേക്കുള്ള യാത്രയിലാണ്.യുദ്ധ ബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്നതിന് വേണ്ടി കെ.സി വേണുഗോപാല്‍ എം പി സമാന ഇടപെടല്‍ മുന്‍പും നടത്തിയിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സഹകരണത്തോടെയും സഹായത്തോടെയും നാട്ടിലേക്ക് എത്തിക്കുമെന്ന് കെ.സി.വേണുഗോപാല്‍ എംപിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി കിടക്കുന്നത്. ജമ്മുകാശ്മീരില്‍ കുടുങ്ങിയ മലയാളി വിദ്യര്‍ത്ഥികള്‍ക്ക് നാട്ടിലെത്താന്‍ സുരക്ഷയും യാത്രാ സൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി കെ.സി.വേണുഗോപാല്‍ എം.പി ആശയവിനിമയം നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളെ തിരികെയെത്തിക്കുന്നതില്‍ കേരള സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നു എന്ന പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് എം പിയുടെ ഇടപെടല്‍. വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ സുരക്ഷയോടെ യാത്രാ സൗകര്യം ഒരുക്കാന്‍ വേണ്ട ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ജമ്മു മുഖ്യമന്ത്രി എം പിയെ അറിയിച്ചു.

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റിസര്‍വേഷന്‍ സൗകര്യം ഉറപ്പാക്കണമെന്ന് റെയില്‍ ബോര്‍ഡ് ചെയര്‍മാനോട് കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എം പി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് ഇന്ന് നാട്ടിലേക്ക് പുറപ്പെട്ട മംഗളാ എക്സ്പ്രസില്‍ അധികമായി സീറ്റ് അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേ റിസര്‍വേഷന്‍ ക്രമീകരണം ഉറപ്പുവരുത്തണമെന്നും എം പി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ജമ്മുകാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. വിമനാത്താവളങ്ങള്‍ പലതും അടച്ചതിനാലും ട്രെയിനിലും മറ്റും ആവശ്യത്തിന് ടിക്കറ്റുകള്‍ ലഭ്യമല്ലാത്തതിനാലും നാട്ടിലെത്താന്‍ ഏറെ പ്രയാസമാണ് ഇവര്‍ നേരിടുന്നത്. ഈ സഹാചര്യത്തിലാണ് വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും കെസി വേണുഗോപാല്‍ എംപിയുടെ സഹായം തേടിയത്.