രാഷ്ട്രീയം കളിക്കാനുള്ള സമയമോ ഇത്? ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പിനെതിരേ കോണ്‍ഗ്രസ്

Jaihind News Bureau
Saturday, May 10, 2025

ന്യൂഡല്‍ഹി: ഭീകരാക്രമണങ്ങളോടുള്ള പ്രതികരണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ യുപിഎ സര്‍ക്കാരിനെതിരെ ‘നിഷ്‌ക്രിയത്വം’ ആരോപിച്ച ബിജെപിക്ക് രൂക്ഷ വിമര്‍ശനം. ഐക്യത്തിന്റെ സന്ദേശം നല്‍കുന്നതിന് പകരം രാഷ്ട്രീയം കളിക്കാനാണോ ഇപ്പോഴത്തെ ശ്രമമെന്ന് ഭരണകക്ഷിയും സര്‍ക്കാരും വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആവശ്യപ്പെട്ടു.

പാകിസ്ഥാനോടുള്ള മുന്‍ യുപിഎ സര്‍ക്കാരിന്റെ സമീപനത്തെ ബിജെപി വിമര്‍ശിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം. യുപിഎ ഭരണകൂടത്തിന്റെ നിഷ്‌ക്രിയത്വത്തില്‍ നിന്ന് വ്യത്യസ്തമായി, പുതിയ ഇന്ത്യയ്ക്ക് സമാധാന ചര്‍ച്ചകളില്‍ ക്ഷമയില്ല എന്ന അര്‍ത്ഥത്തില്‍ ഒരു പോസ്റ്റ് ബിജെപി ഹാന്‍ഡിലില്‍ പുറത്തു വന്നിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ ചര്‍ച്ചകളാണ് നടന്നതെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് കീഴില്‍ ഇത് മാറിയെന്നും അവകാശപ്പെടുന്ന ഒരു വീഡിയോയും ബിജെപി പങ്കുവെച്ചിരുന്നു. ഇതിനു മറുപടിയായാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.

ഈ പോസ്റ്റ് ടാഗ് ചെയ്തുകൊണ്ട് കോണ്‍ഗ്രസിന്റെ മീഡിയ ആന്‍ഡ് പബ്ലിസിറ്റി വിഭാഗം മേധാവി പവന്‍ ഖേര ഹിന്ദിയില്‍ കുറിച്ചത് ഇങ്ങനെ: ‘അപ്പോള്‍ നമ്മള്‍ ഇപ്പോള്‍ രാഷ്ട്രീയം കളിക്കണോ? രാഷ്ട്രീയം കളിക്കാനുള്ള സമയമാണോ ഇത്? സര്‍ക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ ആവശ്യമില്ലേ? നമ്മള്‍ ഇപ്പോള്‍ ഐക്യത്തിന്റെ സന്ദേശം നല്‍കേണ്ടതില്ലേ? സര്‍ക്കാരും ബിജെപിയും വ്യക്തമാക്കണം.’ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നത് ശരിയല്ലെന്നും, ഇത്തരം ഘട്ടങ്ങളില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ടതിന്റെ പ്രാധാന്യം ഭരണകക്ഷി മനസ്സിലാക്കണമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ബിജെപിയുടെ പ്രസ്താവന, രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികളെ നിസ്സാരവല്‍ക്കരിക്കുന്നതും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതുമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.