ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായി ബിസിസിഐ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്.
‘ദി ക്രിക്കറ്റര്‍’ എന്ന പ്രശസ്ത ഇംഗ്ലീഷ് മാസികയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ഐപിഎലെ ശേഷിക്കുന്ന 16 മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നടത്താന്‍ ബിസിസിഐയോട് വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ ‘എക്സ്’ പോസ്റ്റിലൂടെ ഇതേ ആശയം മുന്നോട്ടുവച്ചിരുന്നു. അടുത്തമാസം ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നതിനാല്‍ ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇംഗ്ലണ്ടില്‍ തുടരാമെന്ന സൗകര്യവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സാഹചര്യം വരും ദിവസങ്ങളില്‍ വിലയിരുത്തുമെന്നും ടൂര്‍ണമെന്റിന്റെ ഭാവിയെക്കുറിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും ഐപിഎല്‍ ചെയര്മാന് അരുണ്‍ ധുമാല്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയും യുഎഇയുമാണ് ഇന്ത്യക്ക് പുറമെ ഐപിഎല്‍ നടന്നിട്ടിള്ള രണ്ട് രാജ്യങ്ങള്‍.
മെയ് 8ന് ധര്‍മ്മശാല സ്റ്റേഡിയത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സും പഞ്ചാബ് കിംഗ്സും തമ്മിലുള്ള മത്സരം നടക്കുമ്പോഴാണ് അധികൃതര്‍ക്ക് മത്സരം നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദ്ദേശം ലഭിക്കുന്നത്. പാകിസ്താന് ഡ്രോണ്‍ ആക്രമണം ശക്തമാക്കിയതിനെ തുടര്‍ന്നുള്ള സുരക്ഷാഭീക്ഷണിയെ തുടര്‍ന്നാണ് മത്സരം നിര്‍ത്തിയതും കളിക്കാരെയും കാണികളെയും സ്റ്റേഡിയത്തില്‍ നിന്നു മാറ്റിയതും. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ നടന്ന ഐപിഎല്‍ ഗവേണിങ് ബോഡി യോഗത്തിനുശേഷമാണ് മത്സരങ്ങള്‍ നിര്‍ത്തിവെക്കാനുള്ള തീരുമാനമെടുത്തത്.