പാക് ഡ്രോണ്‍ ആക്രമണം: രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചു

Jaihind News Bureau
Saturday, May 10, 2025

ഇന്ത്യ-പാക് സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ നിര്‍ദ്ദേശപ്രകാരം, മെയ് 15 രാവിലെ വരെ രാജ്യത്തെ 32 വിമാനത്താവളങ്ങള്‍ അടച്ചിടും. തുടര്‍ച്ചയായ രണ്ടാം ദിനവും പാകിസ്ഥാന്‍ രാത്രി ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് വിമാനത്താവളങ്ങള്‍ അടച്ചത്.
യാത്രാ വിമാനത്തിന്റെ മറവിലാണ് പാകിസ്താന്റെ ഡ്രോണ്‍ ആക്രമണം നടന്നത്.

ചണ്ഡീഗഡ്, ശ്രീനഗര്‍, അമൃത്സര്‍, ലുധിയാന, ഭുന്തര്‍, കിഷന്‍ഗഡ്, പട്യാല, ഷിംല, ധര്‍മ്മശാല, ബട്ടിന്‍ഡ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളാണ് അടച്ചത്. ജയ്സാല്‍മീര്‍, ജോധ്പൂര്‍, ലേ, ബിക്കാനീര്‍, പത്താന്‍കോട്ട്, ജമ്മു, ജാംനഗര്‍, ഭുജ് തുടങ്ങിയ തന്ത്രപ്രധാന സ്ഥലങ്ങളിലെ വിമാനത്താവളങ്ങളും താല്‍ക്കാലികമായി അടച്ചു. അതേ സമയം ഏതാനും വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുമെന്ന് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും എക്‌സില്‍ പങ്കുവെച്ചു.

ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ഇന്നലെ ഡ്രോണ്‍ ആക്രമണം നടത്തിയത്. പഞ്ചാബിലെ ഫിറോസ്പുരില്‍ പാക് ഡ്രോണ്‍ ജനവാസ മേഖലയില്‍ പതിച്ച് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.