വ്യോമപാത അടയ്ക്കാതെ മിസൈല്‍ ആക്രമണം; പാകിസ്ഥാന്‍ യാത്രാവിമാനങ്ങളെ മറയാക്കുന്നതായി ഇന്ത്യ

Jaihind News Bureau
Friday, May 9, 2025

‘മെയ് 7 ന് രാത്രി 8.30 ന് ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയിട്ടും പാകിസ്ഥാന്‍ സ്വന്തം വ്യോമപാത അടച്ചില്ല. ഇന്ത്യയ്ക്കെതിരായ ആക്രമണം അതിവേഗത്തിലുള്ള വ്യോമ പ്രതിരോധ പ്രതികരണത്തിന് കാരണമാകുമെന്ന് നന്നായി അറിയാവുന്ന പാകിസ്ഥാന്‍, യാത്രാവിമാനങ്ങളെ ഒരു കവചമായി ഉപയോഗിക്കുകയാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം പറക്കുന്ന അന്താരാഷ്ട്ര വിമാനങ്ങള്‍ സുരക്ഷിതമല്ല,’ വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് പറഞ്ഞു.

ഇന്ത്യയ്ക്കെതിരായ ഡ്രോണ്‍ ആക്രമണത്തെ പാകിസ്ഥാന്‍ നിഷേധിക്കുന്നത്’പച്ചനുണ’: വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി

കഴിഞ്ഞ രാത്രി ഇന്ത്യന്‍ നഗരങ്ങളെയും സൈനിക സ്ഥാപനങ്ങള്‍ക്കും പുറമെ സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ പ്രകോപന നടപടികളോട് ഇന്ത്യന്‍ സായുധസേന ഫലപ്രദമായും ആനുപാതികമായും ഉത്തരവാദിത്തത്തോടെയും പ്രതികരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. ‘പാകിസ്ഥാന്‍ നടത്തിയ ഈ ആക്രമണങ്ങളെ പാക് ഭരണകൂടം ഔദ്യോഗികമായി നിഷേധിക്കുന്നത് പച്ച നുണയാണ്. അത് അവരുടെ ഇരട്ടത്താപ്പിന്റെയും നയതന്ത്രതലത്തിലും നിലപാടിലും എത്രത്തോളം താഴാന്‍ തയ്യാറാണെന്നതിന്റെയും മറ്റൊരു ഉദാഹരണമാണ്,’ അദ്ദേഹം പറഞ്ഞു.

‘മെയ് 8-നും 9-നും ഇടയിലുള്ള രാത്രിയില്‍, ഇന്ത്യയുടെ പടിഞ്ഞാറന്‍ അതിര്‍ത്തികളിലെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ പാക് സൈന്യം ശ്രമിച്ചു. ലേ മുതല്‍ സര്‍ ക്രീക്ക് വരെ പാക് സൈന്യം നുഴഞ്ഞുകയറ്റത്തിനായി ഡ്രോണുകള്‍ ഉപയോഗിച്ചു,’ കേണല്‍ സോഫിയ ഖുറേഷി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയന്ത്രണ രേഖയില്‍ വലിയതോതില്‍ വെടിവെപ്പും നടത്തി. ഏകദേശം 300 മുതല്‍ 400 വരെ ഡ്രോണുകള്‍ 36 സ്ഥലങ്ങളില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്കായി വിന്യസിച്ചു, കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു. ‘ഈ ഡ്രോണുകളില്‍ പലതും ഇന്ത്യന്‍ സായുധ സേന കൈനറ്റിക്, നോണ്‍-കൈനറ്റിക് മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വെടിവെച്ചിട്ടു. ഇത്തരം വലിയ തോതിലുള്ള വ്യോമാതിര്‍ത്തി ലംഘനങ്ങളുടെ പ്രധാന ലക്ഷ്യം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ പരീക്ഷിക്കുകയും രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കുകയുമായിരുന്നു. ഡ്രോണുകളുടെ അവശിഷ്ടങ്ങളുടെ ഫോറന്‍സിക് അന്വേഷണം നടക്കുകയാണ്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അവ തുര്‍ക്കി നിര്‍മ്മിത അസിസ്ഗാര്‍ഡ് സോന്‍ഗാര്‍ ഡ്രോണുകളാണെന്നാണ്.