കെ പി സി സി പ്രസിഡന്റെന്ന ഭാരിച്ച ഉത്തരവാദിത്വം ഏല്‍പ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദി പറയുന്നതായി നിയുക്ത അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. കെ.സുധാകരന്റെ പിന്തുണയാണ് തന്റെ കരുത്തെന്നും അദ്ദേഹത്തിന് ഒരിക്കലും പകരക്കാരനാവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഡിസിസിയില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേരിടുന്ന സമകാലിക പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ തനിക്കു കഴിയുമെന്നും എല്ലാവരുടേയും നിര്‍ദ്ദേശങ്ങളും പിന്തുണയും കരുത്തു പകരുന്നതായും അദ്ദേഹം പറഞ്ഞു. കെ സുധാകരന് നല്കിയ നിര്‍ദ്ദേശങ്ങള്‍ വളരെ വിലപ്പെട്ടതാണെന്നും കണ്ണൂരിലെ തനിക്കു മുന്‍ഗാമികളായ എന്‍ രാമകൃഷ്ണന് ഉള്‍പ്പെടെയുള്ള നേതാക്കളെ അദ്ദേഹം അനുസ്മരിച്ചു.
കണ്ണൂര്‍ ജില്ലയില്‍ നിന്ന് കോണ്‍ഗ്രസിന്റെ അഖിലേന്താ നേതൃത്വത്തിലേയ്ക്കു വളര്‍ന്ന കെ സി വേണുഗോപാല്‍ തനിക്ക് എപ്പോഴും കരുത്താണ് . എ കെ ആന്റണി ഉള്‍പ്പെടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ താന്‍ വിളിച്ച് അനുഗ്രഹം തേടിയതായും അദ്ദേഹം പറഞ്ഞു. യുവത്വവും പരിചയവും ഒത്തു ചേര്‍ന്ന പുതിയ ടീമിനെയാണ് തനിക്കു കിട്ടിയിരിക്കുന്നത്. അവരുടെ ഊര്‍ജ്ജവും അനുഭവസമ്പന്നതയും കോണ്‍ഗ്രസിനെ മുന്നോട്ടു നയിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് നല്കിയ പിന്തുണയ്്ക്കും നല്ല വാക്കുകള്‍ക്കും നന്ദിപറഞ്ഞു കൊണ്ടാണ് അദ്ദേഹം കണ്ണൂരിലെ ചെറിയ പ്രസംഗം അവസാനിപ്പിച്ചത്
കെ സുധാകരന്
കേരളത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിവുള്ള വ്യക്തിയാണ് അഡ്വ. സണ്ണിജോസഫെന്ന് കെ സുധാകരന് എംപി . അദ്ദേത്തിന് ചുമതല കൈമാറുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എ ഐ സി സി തീരുമാനത്തില്‍ സന്തോഷമുണ്ട്. പുതിയ പ്രസിഡന്റിനെ സന്തോഷത്തോടെ സ്വീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംഘടനാ പരമായി കര്‍ക്കശ നിലപാടുള്ള ആളാണ് സണ്ണി ജോസഫെന്നും പ്രവര്‍ത്തകരെ തോളോട് തോള് ചേര്‍ന്ന് കൊണ്ടുപോകാന്‍ കഴിയുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. സണ്ണി ജോസഫിന് എല്ലാ പിന്തുണയും നല്‍കുന്നതായും അദ്ദേഹം പറഞ്ഞു.