പാക്കിസ്ഥാനില്‍ നിന്നുള്ള സിനിമ- സീരീസുകളുള്‍പ്പെടെ എല്ലാത്തരം ഉള്ളടക്കങ്ങള്‍ക്കും ഇന്ത്യയില്‍ വിലക്ക്; ഒടിടി- സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ക്ക് നിര്‍ദ്ദേശം

Jaihind News Bureau
Thursday, May 8, 2025

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ നിര്‍ണ്ണായക നീക്കങ്ങളുമായി ഇന്ത്യ. പാകിസ്ഥാനില്‍ നിന്നുള്ള വെബ് സീരീസുകള്‍, സിനിമകള്‍, ഗാനങ്ങള്‍, പോഡ്കാസ്റ്റുകള്‍, മറ്റ് സ്ട്രീമിംഗ് മീഡിയ ഉള്ളടക്കങ്ങള്‍ എന്നിവ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകളിലും മീഡിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.

ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കുന്നവര്‍ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പോലുള്ള ‘നടപടി’ നേരിടാന്‍ തയ്യാറാകണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ നമ്മുടെ സായുധ സേന തകര്‍ത്ത രീതിയില്‍ രാജ്യം അഭിമാനിക്കുന്നുവെന്നും, ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയതിലെ കൃത്യത സങ്കല്‍പ്പിക്കാനാവാത്തതായിരുന്നുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ലാഹോറിലെ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യന്‍ സായുധ സേന നിര്‍വീര്യമാക്കിയതായി സര്‍ക്കാര്‍ അറിയിച്ച ദിവസമാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശങ്ങള്‍ വന്നത്.

അതിനിടെ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യാഴാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഖ്ചിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് ഈ കൂടിക്കാഴ്ച. അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ, സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇന്ത്യക്ക് ഉദ്ദേശ്യമില്ലെന്ന് അരാഖ്ചിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജയശങ്കര്‍ പറഞ്ഞു. എന്നിരുന്നാലും, ഇന്ത്യയ്ക്കെതിരെ എന്തെങ്കിലും സൈനിക ആക്രമണമുണ്ടായാല്‍ അതിന് ശക്തമായ മറുപടി നല്‍കുമെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.