ന്യൂഡല്‍ഹി: ‘ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയിലൂടെ പാകിസ്ഥാനിലെ കുറഞ്ഞത് 100 ഭീകരരെയെങ്കിലും ഇന്ത്യന്‍ സൈന്യം വധിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് അവകാശപ്പെട്ടു. സര്‍വ്വകക്ഷിയോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് അദ്ദേഹം പ്രതിപക്ഷ നേതാക്കളെ അറിയിച്ചതാണ് ഈ വിവരം. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, എസ്. ജയശങ്കര്‍, ജെ.പി. നദ്ദ, നിര്‍മ്മല സീതാരാമന്‍ എന്നിവര്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ചു. കോണ്‍ഗ്രസില്‍ നിന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സന്ദീപ് ബന്ദോപാധ്യായ, ഡിഎംകെയുടെ ടി.ആര്‍. ബാലു എന്നിവര്‍ പ്രമുഖ പ്രതിപക്ഷ നേതാക്കളില്‍ ഉള്‍പ്പെടുന്നു.
സമാജ്വാദി പാര്‍ട്ടിയുടെ റാം ഗോപാല്‍ യാദവ്, എഎപിയുടെ സഞ്ജയ് സിംഗ്, ശിവസേന (യുബിടി)യുടെ സഞ്ജയ് റാവത്ത്, എന്‍സിപി (എസ്പി)യുടെ സുപ്രിയ സുലെ, ബിജെഡിയുടെ സസ്മിത് പത്ര, സിപിഐ(എം) പ്രതിനിധി ജോണ്‍ ബ്രിട്ടാസ് എം.പി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ജെഡി(യു) നേതാവ് സഞ്ജയ് ഝാ, കേന്ദ്രമന്ത്രിയും എല്‍ജെപി (റാം വിലാസ്) നേതാവുമായ ചിരാഗ് പാസ്വാന്‍, എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു, പ്രതിപക്ഷ നേതാക്കള്‍ സര്‍ക്കാരിന്റെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പിന്തുണ അറിയിച്ചതായി പറഞ്ഞു. ‘നാമെല്ലാം ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന ഈ സമയത്ത് എല്ലാ നേതാക്കളും വേണ്ടത്ര പക്വത കാണിച്ചു. ഓപ്പറേഷന്‍ സിന്ദൂറിന് സായുധ സേനയെ എല്ലാവരും അഭിനന്ദിക്കുകയും സര്‍ക്കാരിനും സായുധ സേനയ്ക്കും പിന്തുണ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് ഏതാനും നിര്‍ദ്ദേശങ്ങളും ലഭിച്ചിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും യോഗത്തിന് ശേഷം സര്‍ക്കാരിനും അതിന്റെ നടപടികള്‍ക്കും പിന്തുണ അറിയിച്ചതായി പറഞ്ഞു. ‘സര്‍ക്കാരിന് ഞങ്ങള്‍ പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ (സര്‍ക്കാര്‍) പറഞ്ഞു. ‘ രാഹുല്‍ പറഞ്ഞു. ‘യോഗത്തില്‍ കേന്ദ്രം പറഞ്ഞത് ഞങ്ങള്‍ കേട്ടു. ചില രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും അവര്‍ പറഞ്ഞു. ഞങ്ങള്‍ എല്ലാവരും സര്‍ക്കാരിനൊപ്പമുണ്ടെന്ന് പ്രതിപക്ഷം അവരോട് പറഞ്ഞു,’ ഖാര്‍ഗെ വ്യക്തമാക്കി.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായാണ് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ രണ്ടാഴ്ചയ്ക്ക് ശേഷം ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തിയത്. ജെയ്ഷെ മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹവല്‍പൂര്‍, ലഷ്‌കറെ തൊയ്ബയുടെ താവളമായ മുറിദ്കെ എന്നിവയും ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. പഹല്‍ഗാം ആക്രമണത്തെക്കുറിച്ച് നേതാക്കളെ ധരിപ്പിക്കാന്‍ ഏപ്രില്‍ 24-നും സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരുന്നു.