ഓപ്പറേഷന്‍ സിന്ദൂര്‍: പാക് ഭീകര ക്യാമ്പുകളില്‍ ഇന്ത്യയുടെ സൈനിക നടപടി; സര്‍വ്വകക്ഷി യോഗം പുരോഗമിക്കുന്നു

Jaihind News Bureau
Thursday, May 8, 2025

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സായുധസേന നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സംബന്ധിച്ച് പ്രതിപക്ഷ നേതാക്കളെ ഔദ്യോഗികമായി അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം പുരോഗമിക്കുകയാണ്. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നില്ല. അദ്ദേഹത്തിന്റെ സന്ദേശം യോഗത്തില്‍ വായിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, കിരണ്‍ റിജിജു എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നു.

രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യങ്ങള്‍, സായുധ സേന തകര്‍ത്ത ഭീകര കേന്ദ്രങ്ങള്‍, പാകിസ്ഥാന്റെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായാല്‍ ഇന്ത്യയുടെ തയ്യാറെടുപ്പുകള്‍ എന്നിവയും പ്രതിപക്ഷ നേതാക്കളെ ധരിപ്പിക്കുമെന്നാണ് സൂചന.

പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമായി (POK)  ജെയ്ഷെ മുഹമ്മദ്, ലഷ്‌കറെ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ നിരോധിത ഭീകര സംഘടനകളുടെ ഒന്‍പത് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സായുധ സേന അതീവ കൃത്യതയാര്‍ന്ന സൈനിക നീക്കം നടത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് യോഗം ചേര്‍ന്നത്.

ഏപ്രില്‍ 22-ന് 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ രാഷ്ട്രീയ നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിക്കുകയും സൈന്യത്തിന്റെ ആക്രമണത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. ദേശീയ സുരക്ഷാ വിഷയങ്ങളില്‍ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയാണ് പ്രതിപക്ഷം വാഗ്ദാനം ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, രാഷ്ട്രീയ ജനതാദള്‍, ശിവസേന (യുബിടി), എന്‍സിപി (എസ്പി) എന്നീ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി സൈനിക നടപടിയെ പിന്തുണയ്ക്കുകയും ഭീകരതയെ വേരോടെ പിഴുതെറിയാനുള്ള ഏത് നടപടിക്കും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.