ഇന്ന് പുലര്‍ച്ചെയാണ് ലഹോര്‍ വോള്‍ട്ടന്‍ എയര്‍ബെയ്‌സിന് സമീപം സ്‌ഫോടനമുണ്ടായത്. മൂന്ന് തുടര്‍ സ്‌ഫോടനങ്ങള്‍ നടന്നുവെന്നാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശക്തമായ സ്‌ഫോടനമായിരുന്നുവെന്നും അതിന്റെ പ്രകമ്പനം കിലോമീറ്ററുകള്‍ അകലെ വരെ നീണ്ടു നിന്നിരുന്നുവെന്നും ദൃക്‌സാക്ഷികളും രാജ്യാന്തര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെ വിമാനത്താവളത്തെ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. ലഹോര്‍, കറാച്ചി, സിയാല്‍കോട്ട് വിമാനത്താവളങ്ങള്‍ അടച്ചു. ലഹോറിലേക്ക് വരികയായിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ലഹോറില്‍ നിന്ന്് പുറപ്പെടേണ്ട വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു.
ഡ്രോണ്‍ വഴിയാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഡ്രോണ്‍ വെടിവെച്ചിട്ടുവെന്നും പറയുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം കനത്ത സുരക്ഷയിലായിരുന്നു ലഹോര്‍ ഉണ്ടായിരുന്നു. കര, വ്യോമ സേനകളുടെ കനത്ത നിരീക്ഷണം ഉണ്ടായിട്ടും എങ്ങനെ ഡ്രോണ്‍ ആക്രമണം നടന്നുവെന്നുള്ള ചോദ്യം ഉയരുന്നുണ്ട്. ആളപായമൊന്നുമില്ലെങ്കിലും ആക്രമണത്തിന്റെ തീവ്രത ഭീകരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാക് മാധ്യമങ്ങളോ സര്‍ക്കാരോ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.