ഓപ്പറേഷന്‍ സിന്ദൂര്‍: പാക്കിസ്ഥാനിലെയും അധിനിവേശ കശ്മിരിലെയും ഭീകരകേന്ദ്രങ്ങള്‍ക്കു നേരേ ഇന്ത്യന്‍ ആക്രമണം; ഒമ്പതു കേന്ദ്രങ്ങള്‍ തകര്‍ത്തു

Jaihind News Bureau
Wednesday, May 7, 2025

ഇന്ത്യന്‍ സായുധ സേന പാകിസ്ഥാനിലും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലും ഭീകരകേന്ദ്രങ്ങള്‍ക്കു നേരേ വ്യോമാക്രമണങ്ങള്‍ നടത്തി. ഇന്ത്യയ്ക്കെതിരായ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളുടെ ആസൂത്രണം നടത്തുന്ന പാകിസ്ഥാനിലെ  തീവ്രവാദ അടിസ്ഥാന ക്യാമ്പുകള്‍ക്കു നേരേയായിരുന്നു സൈനിക നടപടി. ഇന്ത്യ നടത്തിയ ആക്രമണത്തില്‍ 3 പേര്‍ മരിച്ചതായും 12 പേര്‍ക്ക് പരിക്കേറ്റതായും പാകിസ്ഥാന്‍ പറയുന്നു

ഓപ്പറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ട ആക്രമണമാണ് പുലര്‍ച്ചെ 1.45 ന് ഇന്ത്യ നടത്തിയത്. പഹല്‍ഗാം ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ ആക്രമിച്ചത്. കോട്ലി, മുരിദ്‌കെ, ബഹവല്‍പൂര്‍, മുസാഫറാബാദ് എന്നിവിടങ്ങളിലെ ഒമ്പതു കേന്ദ്രങ്ങള്‍ ഇന്ത്യ ആക്രമിച്ചതായാണ് വിവരം. ഹാഫിസ് സയീദ് നയിക്കുന്ന ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമാണ് മുരിദ്‌കെ, പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂര്‍ മസൂദ് അസ്ഹര്‍ നയിക്കുന്ന ജെയ്ഷെ-ഇ-മുഹമ്മദിന്റെ താവളമാണ്. അതിര്‍ത്തിക്കപ്പുറം പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ ജമ്മു കശ്മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങളാണ് ഇന്ത്യ ലക്ഷ്യമിട്ടത്. വിവിധങ്ങളായ ഒമ്പത് കേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചത് . പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളൊന്നും ഇന്ത്യ ലക്ഷ്യമിട്ടില്ല എന്നതുംശ്രദ്ധേയമാണ് . തീവ്രവാദികള്‍ക്ക് നേരേയാണ് യുദ്ധമെന്ന് ഇന്ത്യ വളരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും കൊല്ലപ്പെട്ട ക്രൂരമായ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആക്രമണം. ‘കൃത്യമായ രീതിയില്‍ ഉചിതമായി പ്രതികരിക്കുന്നു’ എന്നാണ് ആക്രമണത്തെ ഇന്ത്യയുടെ സായുധ സേന എക്സ് പോസ്റ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പാക് സൈനിക കേന്ദ്രങ്ങളെയല്ല, ഭീകര കേന്ദ്രങ്ങളാണ് സൈന്യം ലക്ഷ്യമിട്ടതെന്നും കൃത്യമായി സംയമനം പാലിച്ചുള്ള നടപടിയാണ് ഇന്ത്യയില്‍ നിന്നുണ്ടായതെന്നും സൈന്യം വ്യക്തമാക്കി. അതേസമയം കശ്മീരിലെ പൂഞ്ച്-രജൗരി മേഖലയിലെ ഭിംബര്‍ ഗലിയില്‍ പാക്സൈന്യം വെടിവെപ്പ് നടത്തിയതായി സൈന്യം അറിയിച്ചു.