പൂരാവേശത്തില്‍ തൃശൂര്‍; ശക്തന്‍റെ മണ്ണില്‍ ഇന്ന് പൂരങ്ങളുടെ പൂരം

Jaihind News Bureau
Tuesday, May 6, 2025

പൂരാവേശത്തിലാണ് തൃശൂര്‍. വിവിധ സ്ഥലങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ശക്തന്റെ മണ്ണിലേക്ക് എത്തുന്നത്. ഇന്നലെ തെക്കേഗോപുരനട തുറന്ന് നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി ഗജവീരന്‍ എറണാകുളം ശിവകുമാര്‍ പുറത്തേക്ക് എഴുന്നള്ളിയതോടെ പൂരത്തിനു വിളംബരമായി. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളില്‍ നിന്നുമുള്ള ഭഗവതി – ശാസ്താമാരും വടക്കും നാഥന്റെ മണ്ണില്‍. 11.30ന് തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് തെക്കേ മഠത്തിനു മുന്നിലെത്തുമ്പോഴാണ് മഠത്തില്‍ വരവ് പഞ്ചവാദ്യം. പാറമേക്കാവില്‍ നിന്ന് ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന എഴുന്നള്ളിപ്പിന് ചെമ്പട മേളം അകടമ്പടിയായി ഉണ്ടാകും. ഉച്ചയ്ക്ക് രണ്ടിന് വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറ മേളമായി അതു മാറും. വൈകിട്ട് 5.30ന് തെക്കേനടയില്‍ കുടമാറ്റം. രാത്രി പൂരത്തിനുശേഷം ബുധന്‍ പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കുക.

ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പൂരങ്ങളുടെ പൂരമാണ് തൃശൂര്‍ പൂരം. ഏകദേശം 200 വര്‍ഷത്തെ ചരിത്ര പാരമ്പര്യമുള്ള തൃശൂര്‍ പൂരത്തിന് തുടക്കം കുറിച്ചത് ശക്തന്‍ തമ്പുരാനാണ്. പൂരം കാണുവാനായി വിദേശത്തു നിന്നും സ്വദേശത്തുനിന്നും പതിനായിരക്കണക്കിന് ആളുകളാണ് തൃശൂര്‍ നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശൂര്‍പൂരം ആഘോഷിക്കുന്നത്. ആനകള്‍, കുടമാറ്റം, മേളം, വെടിക്കെട്ട് തുടങ്ങിയവാണ് പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍.