ആഗോള കത്തോലിക്കാസഭയുടെ 267-ാമത്തെ മാര്‍പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് നാളെ മുതല്‍ നടക്കും. അതേസമയം കോണ്‍ക്ലവിന് മുന്നോടിയായി എല്ലാ കര്‍ദിനാള്‍മാരും പങ്കെടുക്കുന്ന അവസാനത്തെ യോഗം ഇന്ന് നടക്കും.135 കര്‍ദിനാള്‍മാരാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്
നാളെ വത്തിക്കാനില്‍ തെരഞ്ഞെടുപ്പ് ആരംഭിക്കും.കോണ്‍ക്ലേവിനു മുന്നോടിയായുള്ള കര്‍ദിനാള്‍മാരുടെ ചര്‍ച്ച കഴിഞ്ഞ ദിവസം നടന്നിരുന്നു. വിശ്വാസികളോട് അടുത്തുനില്ക്കുന്ന ഇടയനെയാണ് പുതിയ മാര്‍പാപ്പയായി പ്രതീക്ഷിക്കുന്നതെന്ന് കര്‍ദിനാള്‍മാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇന്നലത്തെ യോഗത്തില്‍ 179 കര്‍ദിനാള്‍മാര്‍ പങ്കെടുത്തു. അതില്‍ 132 പേര് വോട്ടവകാശമുള്ളവരാണ്. വോട്ടവകാശമുള്ള 133 കര്‍ദിനാള്‍മാരാണ് ഇപ്പോള്‍ വത്തിക്കാനിലുള്ളത്. കര്‍ദിനാള്‍മാര്‍ക്ക് സാന്ത മാര്‍ത്ത അതിഥി മന്ദിരത്തിലേക്ക് ഇന്നു മാറാനാവും. സാന്ത മാര്‍ത്തയില്‍നിന്ന് സിസ്റ്റീന്‍ ചാപ്പലിലേക്ക് പോകാം. അതിനുള്ള തയാറെടുപ്പുകളും സിസ്റ്റീന്‍ ചാപ്പലിലെ ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണെന്നും വത്തിക്കാന്‍ അറയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിസ്റ്റൈന്‍ ചാപ്പലിന്റെ മേല്‍ക്കൂരയില്‍ ചിമ്മിനി സ്ഥാപിച്ചിരുന്നു.
ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള 80 വയസ്സ് തികയാത്ത കര്‍ദിനാള്‍മാര്‍ക്കാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ യോഗ്യത. ഇത്തവണ അങ്ങനെ 135 പേരുണ്ട്. അതില്‍ 108 പേരെയും നിയമിച്ചത് ഫ്രാന്‍സിസ് പാപ്പയാണ്. 20 പേര്, കഴിഞ്ഞ ഡിസംബറിലാണ് നിയമിതരായത്. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ കുറഞ്ഞത് 89 കര്‍ദിനാള്‍മാരുടെ പിന്തുണ ആവശ്യമാണ്. കോണ്‍ക്ലേവ് ആരംഭിച്ചാല്‍ കര്‍ദിനാള്‍മാര്‍ക്ക് പുറംലോകവുമായി ബന്ധമുണ്ടാകില്ല. ഫോണടക്കമുള്ള വാര്‍ത്താവിനിമയോപാധികളും ഉപയോഗിക്കാനാകില്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പാപ്പാ സ്ഥാനാര്‍ഥികളില്‍ ഒരാള്‍ തിരഞ്ഞെടുക്കപ്പെടുംവരെ വോട്ടെടുപ്പ് തുടരും. ഓരോതവണയും വോട്ട് രേഖപ്പെടുത്തുന്ന ബാലറ്റ് പേപ്പറുകള്‍ കത്തിച്ചുകളയണമെന്നാണ് ചട്ടം. സിസ്റ്റൈന്‍ ചാപ്പലിന്റെ പുകക്കുഴലിലൂടെ വരുന്ന ബാലറ്റ് പേപ്പര്‍ കത്തിയ പുകയുടെ നിറംനോക്കിയാണ് പാപ്പയെ തിരഞ്ഞെടുത്തോ ഇല്ലയോ എന്നത് മനസ്സിലാവുക. വെളുത്ത നിറമാണെങ്കില്‍ പാപ്പ തിരഞ്ഞെടുക്കപ്പെട്ടെന്നും കറുത്തതെങ്കില്‍ അല്ലെന്നുമാണര്‍ഥം.ചിമ്മിനിയിലൂടെ പുക പുറത്തേക്ക് വരുന്നത് നിരീക്ഷിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ വിശ്വാസികള്‍ തടിച്ചുകൂടുന്നതും പതിവാണ്. കോണ്‍ക്ലേവില്‍ ഇന്ത്യയില്‍നിന്ന് കര്‍ദിനാള്‍മാരായ ഫിലിപ്പ് നേരി ഫെറാവോ, ബസേലിയോസ് ക്ലിമീന്‍സ്, ആന്റണി പൂല, ജോര്‍ജ് ജേക്കബ് കൂവക്കാട് എന്നിവര്‍ പങ്കെടുക്കും.