അപകീര്‍ത്തിക്കേസില്‍ ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം: അറസ്റ്റിനു പിന്നില്‍ പിണറായി വിജയനാണെന്ന്് ഷാജന്‍

Jaihind News Bureau
Tuesday, May 6, 2025

അപകീര്‍ത്തിക്കേസില്‍ തിരുവനന്തപുരം സൈബര്‍പോലീസ് അറസ്റ്റു ചെയ്ത യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്ക്ക് ജാമ്യം അനുവദിച്ചു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജ് ശ്വേത ശശികുമാര്‍ ആണ് ജാമ്യം അനുവദിച്ചത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഷാജന്‍ സ്‌കറിയയുടെ വാദം ശരിവച്ചാണ് വിട്ടയച്ചത്.

മാഹി സ്വദേശിനി നല്‍കിയ അപകീര്‍ത്തി പരാതിയിലാണ് നടപടിയുണ്ടായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുഎഇയില്‍ വ്യവസായിയായ ഈ വനിതയ്‌ക്കെതിരേ അപകീര്‍ത്തികരമായ വീഡിയോ യൂട്യൂബില്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവിക്കും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കും ഇവര്‍ ഇ-മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സിജെഎം കോടതിയില്‍ നേരിട്ട് ഹാജരായി രഹസ്യമൊഴി നല്‍കിയതായും അറിയുന്നു. സിആര്‍പിസി സെക്ഷന്‍ 164 പ്രകാരം ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു.

എന്നാല്‍ കേസ് വിവരങ്ങള്‍ ഷാജന് നല്‍കിയില്ലെന്നും വസ്ത്രം മാറ്റാന്‍ പോലും അനുവദിക്കാതെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നെന്ന് ഷാജന്റെഅഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. വനിതയുടെ രഹസ്യ മൊഴിയെ തുടര്‍ന്ന് ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 75(1) (ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തല്‍), 79 (സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ള പ്രവൃത്തികള്‍), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐടി) ആക്ടിലെ സെക്ഷന്‍ 67, കേരള പോലീസ് (കെപി) ആക്ടിലെ സെക്ഷന്‍ 120(ഒ) എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി.

അറസ്റ്റിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന്് ജാമ്യം നേടി പുറത്തിറങ്ങിയ ഷാജന്‍ പ്രതികരിച്ചു