ജമ്മു കശ്മീരിലെ പൂഞ്ചില്‍ തീവ്രവാദികളുടെ ഒളിത്താവളം സുരക്ഷാ സേന തകര്‍ത്തു. പൂഞ്ചിലെ സുരന്‍കോട്ടില്‍ ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും ഇന്നലെ വൈകുന്നേരം നടത്തിയ സംയുക്ത തെരച്ചിലില്‍ ഒളിത്താവളത്തില്‍ നിന്ന് അഞ്ച് സ്‌ഫോടകവസ്തുക്കള്‍, രണ്ട് വയര്‍ലെസ് സെറ്റുകള്‍, മൂന്ന് പുതപ്പുകള്‍ എന്നിവ കണ്ടെത്തി.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ജമ്മു കശ്മീരില്‍ നിരവധി ഭീകരാക്രമണങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ് പൂഞ്ചും രജൗരിയും. ഒളിത്താവളം തകര്‍ത്ത് മണിക്കൂറുകള്‍ക്ക് ശേഷം പൂഞ്ചിലെയും മറ്റ് മേഖലകളിലേയും നിയന്ത്രണ രേഖയ്ക്ക് കുറുകെ പാകിസ്ഥാന്‍ സൈന്യം ഇന്നലെ രാത്രി വെടിവയ്പ്പ് പുനരാരംഭിച്ചു. നിയന്ത്രണ രേഖയ്ക്ക് കുറുകെ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന തുടര്‍ച്ചയായ 11-ാം ദിവസമാണിത്.
അതേ സമയം പാകിസ്ഥാനികളുടെ വിസകള്‍ റദ്ദാക്കുകയും ഇന്ത്യയില്‍ താമസിക്കുന്നവരോട് ഉടന്‍ മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. 1960-ല്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവച്ച സിന്ധു ജല ഉടമ്പടിയും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.