കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തില്‍ പൊട്ടിത്തെറിയുണ്ടായി പുക ഉയര്‍ന്നതില്‍ ദുരൂഹതയില്ലെന്ന് പോലീസ്. പ്രാഥമിക പരിശോധനയില്‍ ദുരൂഹതയില്ലെന്നാണ് കണ്ടെത്തല്‍. അതേസമയം സിസിടിവി ഉള്‍പ്പടെ പരിശോധിച്ച് അന്തിമ റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് വ്യക്തമാക്കി.
പോലീസിന്റെ പ്രാഥമിക പരിശോധനയിലാണ് പൊട്ടിത്തെറിയുണ്ടായതില്‍ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കിയത്. അതേസമയം പുക പടര്‍ന്ന് രോഗികളെ മുഴുവന്‍ ഒഴിപ്പിക്കേണ്ടിവന്ന സാഹചര്യം സംബന്ധിച്ച് പൊലീസിന്റെ വിശദാന്വേഷണം തുടരുകയാണ്. സുരക്ഷാവീഴ്ചയും പ്രത്യേകം പരിശോധിക്കുന്നുണ്ട്.പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട കേസന്വേഷിക്കുന്ന മെഡിക്കല്‍ കോളജ് അസി. കമീഷണര്‍ എ. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം അത്യാഹിത വിഭാഗത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍, ആശുപത്രി രജിസ്റ്ററുകള്‍ എന്നിവ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പഴയ അത്യാഹിത വിഭാഗം ബ്ലോക്കില്‍ താല്‍ക്കാലികമായി പുനഃസ്ഥാപിച്ചു.
രോഗികള്‍ക്ക് 24 മണിക്കൂറും അടിയന്തര സേവനം നല്‍കാനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. എം.ആര്.ഐ സ്കാനിങ് യന്ത്രത്തിന്റെ യു.പി.എസ് മുറിയിലെ ബാറ്ററികളിലൊന്നില്‍നിന്ന് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടാവുകയും അത് ചൂടായി വീര്‍ത്ത് പൊട്ടുകയുമായിരുന്നു. ഈ സമയത്ത് ചെറിയ രീതിയില്‍ തീയുണ്ടായി. പിന്നീട് തീ മറ്റു 34 ബാറ്ററികളിലേക്ക് പടര്‍ന്നു. ഇതോടെ മുറിക്കുള്ളിലെ താപനിലയും പുകയും ഉയരുകയുമായിരുന്നു. ഇതിനു പിന്നാലെ 3 പേര് മരിച്ചതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത് .