ആശമാരുടെ അതിജീവന പോരാട്ടം നാലാം ഘട്ടത്തിലേക്ക് കടക്കുന്നു. ആശമാരുടെ രാപകല്‍ സമരയാത്ര ഇന്ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കും. ഭരണ സിരാകേന്ദ്രത്തിന് മുന്നിലെ അവരുടെ രാപ്പകല്‍ സമരപോരാട്ടം 85ആം ദിവസത്തിലേക്ക് കടന്നിട്ടും സര്‍ക്കാര്‍ തുടരുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചാണ് ആശമാര്‍ സംസ്ഥാന വ്യാപകമായി രാപ്പകല്സമര യാത്ര ആരംഭിക്കുന്നത്.
കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ രാവിലെ പത്ത് മണിക്ക് സാമൂഹ്യ പ്രവര്ത്തകന് ഡോ. ആസാദ് യാത്ര ഉദ്ഘാടനം ചെയ്യും. 45 ദിവസം നീണ്ടുനില്‍ക്കുന്ന സമരയാത്ര ജൂണ്‍ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടെ സമാപിക്കും. സമരസമിതി നേതാവ് എം എ ബിന്ദു നയിക്കുന്ന സമര യാത്രയില്‍ നൂറുകണക്കിന് ആശാ പ്രവര്‍ത്തകര്‍ പങ്കെടുക്കും. തെരുവോരങ്ങളില്‍ അന്തിയുറങ്ങിയായിരിക്കും യാത്ര പ്രയാണം തുടരുന്നത്.