കോഴിക്കോട് താമരശ്ശേരിയില്‍ ഈങ്ങാപ്പുഴയില്‍ വാഹനാപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കൊയിലാണ്ടി സ്വദേശിയായ നൗഷാദും കുടുംബവും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതോടെയാണ് അവിടെയെത്തിയ എം.പി രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്.
രണ്ട് ദിവസത്തെ മണ്ഡല പര്യടനത്തിനാണ് ഇന്നലെ പ്രിയങ്ക ഗാന്ധി എം.പി വയനാട്ടില്‍ എത്തിയത്. ഇന്നലെ വൈകിട്ടോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി കല്‍പ്പറ്റയിലേക്കുള്ള യാത്രാമധ്യേയാണ് റോഡരികിലെ അപകടം ശ്രദ്ധയില്‍പ്പെട്ടത്. വാഹനത്തില്‍ നിന്നിറങ്ങിയ എം.പി വാഹനവ്യൂഹത്തിലെ ഡോക്ടറെ വരുത്തി പരിക്കേറ്റവരെ പരിശോധിച്ച് പ്രാഥമിക ചികില്‍സ നല്‍കി. പിന്നീട് വാഹനവ്യൂഹത്തില്‍ തന്നെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയാണ് പ്രിയങ്ക യാത്ര തുടര്‍ന്നത്.