പത്മശ്രീ കെവി റാബിയ ഇനി ഓര്‍മ; വൈകല്യത്തെ മറികടന്ന് പൊതു സമൂഹത്തിനു വേണ്ടി ജീവിച്ച സജീവ പ്രവര്‍ത്തക

Jaihind News Bureau
Sunday, May 4, 2025

മലപ്പുറം: സാക്ഷരതാ പ്രവര്‍ത്തക പത്മശ്രീ കെവി റാബിയ അന്തരിച്ചു. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

അംഗവൈകല്യത്തിന്റെ പരിമിതികളെ മറികടന്ന് കേരള സാക്ഷരതാ മിഷന്റെ പ്രവര്‍ത്തന രംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെയാണ് റാബിയ പൊതുരംഗത്തെത്തിയത്. കേരള സര്‍ക്കാരിന്റെ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അവര്‍ തന്റെ രീതിയില്‍ തിരൂരങ്ങാടയില്‍ മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2000 ലാണ് കാന്‍സര്‍ രോഗം റാബിയയെ പിടികൂടിയത്. ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ആത്മകഥയും റാബിയ രചിച്ചിട്ടുണ്ട്. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരക്ക് താഴേക്ക് തളര്‍ന്ന് പോകുന്നത്. തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു ജീവിതം. തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ വെച്ചാണ് പ്രീഡിഗ്രി പഠനം നടത്തിയിരുന്നത്. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. പിന്നീട് സജീവമായി സാമൂഹിക വിദ്യാഭ്യാസ മേഖലകളില്‍ റാബിയ ഇടപെട്ടു.

റാബിയയുടെ സാക്ഷരാ പ്രവര്‍ത്തനങ്ങള്‍ക്ക് യുഎന്‍ മികച്ച സാക്ഷരതാ പ്രവര്‍ത്തകയ്ക്കുള്ള അവാര്‍ഡ് നല്‍കി ആദരിച്ചു. 1991ലാണ് കേരള സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനരംഗത്ത് സജീവമായത്. സേവനപ്രവര്‍ത്തനങ്ങളുടെ മികവില്‍ നിരവധി പുരസ്‌കാരങ്ങള്‍ ഇവരെ തേടിയെത്തിയിരുന്നു. 1993 ല്‍ നാഷണല്‍ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാറിന്റെ വനിതരരത്‌നം അവാര്‍ഡ്, യുഎന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മുരിമഠത്തില്‍ ബാവ അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, കണ്ണകി സ്ത്രീശക്തി പുരസ്‌കാരം, സീതി സാഹിബ് അവാര്‍ഡ് തുടങ്ങിയവ റാബിയയെ തേടി എത്തിയിട്ടുണ്ട്. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.59 വയസായിരുന്നു.