നാഗ്പൂരിലെ തലച്ചോറില്‍ നിന്നുത്ഭവിക്കുന്ന തീരുമാനങ്ങളാണ് പലപ്പോഴും പാര്‍ലമെന്റില്‍ നിയമങ്ങളായി മാറുന്നതെന്ന് കെ.സി.വേണുഗോപാല്‍ എം.പി. ഭരണാഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖലാ ജമാ അത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ വളഞ്ഞ വഴിയില്‍ നടന്ന പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌നേഹമെന്ന വാക്കിനെ വെറുപ്പാക്കി മാറ്റിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഭരണാധികാരികള്‍ തലച്ചോറു കൊണ്ടല്ല ഹൃദയം കൊണ്ടാണ് നിയമം നിര്‍മിക്കേണ്ടത്. തലച്ചോറു കൊണ്ടു നിര്‍മിക്കുന്ന നിയമത്തില്‍ മനുഷ്യത്വം കാണില്ലെന്നും എം പി പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് സി.എ.സലിം ചക്കിട്ടപ്പറമ്പില്‍ പ്രതിഷേധ സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചു. വൈകിട്ട് പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്ലാം മസ്ജിദ് അങ്കണത്തില്‍ നിന്നാരംഭിച്ച റാലിയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുത്തു. റാലി വളഞ്ഞ വഴിയില്‍ സമാപിച്ചു. എച്ച് സലാം എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. എന്‍ അലി അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി.