പാകിസ്ഥാനെതിരെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഇന്ത്യ. പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് 13 ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യ നടപടികള്‍ കടുപ്പിക്കുകയാണ്. ചിനാബ് നദി ഡാമിലെ ഷട്ടര്‍ താഴ്ത്തി ജലമൊഴുക്ക് നിയന്ത്രിച്ചിരിക്കുകയാണ് ഇന്ത്യ. ഝലം നദിയിലെ കിഷന്‍ഗംഗയിലും സമാന നടപടികള്‍ സ്വീകരിക്കുമെന്നാണ് അറിയിപ്പ്. ഒപ്പം പാക് അതിര്‍ത്തി രക്ഷാ സേനയുടെ ജവാനെ ബിഎസ്എഫ് അറസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. അനന്തനാഗില്‍ വനത്തിനുള്ളില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ ഈ മേഖല കേന്ദ്രീകരിച്ച് ശക്തമായി പുരോഗമിക്കുകയാണ്. ആയുധ ഫാക്ടറികളിലെ ദീര്‍ഘകാല അവധി റദ്ദാക്കിയിട്ടുണ്ട്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
പഹല്‍ഗാം ആക്രമണം നടന്നതിന്റെ പിറ്റേന്ന് തന്നെ ഇന്ത്യ നിര്‍ണായക തീരുമാനങ്ങള്‍ എടുത്തിരുന്നു. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ യോഗത്തിനു ശേഷം 5 സുപ്രധാന തീരുമാനങ്ങളാണ് ഇന്ത്യ പ്രഖ്യാപിച്ചത്. അതില്‍ ഒന്നായിരുന്നു സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ചത്. ഇന്ത്യ-പാക് യുദ്ധങ്ങള്‍ നടന്നപ്പോള്‍ പോലും മരവിപ്പിക്കാതെയിരുന്ന കരാറിലാണ് ഇന്ത്യ ഇപ്പോള്‍ കടുത്ത നടപടികള്‍ എടുത്തിരിക്കുന്നത്. എന്നാല്‍ പാകിസ്ഥാന്‍ ഇതിനെതിരെ യുദ്ധഭീഷണുകള്‍ മുഴക്കിയിരുന്നു. എന്നാല്‍ അതിലൊന്നും വിട്ടുവീഴ്ചയില്ലെന്ന സൂചനയാണ് ഇന്ത്യ നല്‍കിയത്. കൂടാതെ മറ്റ് നടപടികളിലേക്കും ഇന്ത്യ കടന്നു. പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദിയുടെ അളവ് കുറയ്ക്കുക എന്ന നടപടിയാണ് ഇന്ത്യ എടുത്തിരിക്കുന്നത്.
എന്നാല്‍ പാകിസ്ഥാന്റെ ജലനിരപ്പ് കുറയ്ക്കുന്ന ഇത്തരം നടപടിയെ എങ്ങനെയാണ് അവര്‍ നേരിടുക എന്നതാണ് പ്രധാനം. പാക് മന്ത്രിമാര്‍ ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കുകയും രക്ത പുഴയൊരുകും എന്നൊക്കെ വീമ്പു പറയുകയും ചെയ്തിരുന്നുവെങ്കിലും ഇന്ത്യയുടെ ഏത് സമയവും ഉണ്ടാകാവുന്ന ആക്രമണത്തെ ഭയക്കുകയാണ് പാകിസ്ഥാന്‍.