സിപിഎമ്മിന് തിരിച്ചടി; ആദായ നികുതി വകുപ്പിന്‍റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി

Jaihind News Bureau
Friday, May 2, 2025

സിപിഎമ്മിന് കോടതിയുടെ തിരിച്ചടി. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത ആദായ നികുതി വകുപ്പിന്റെ നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന്റെ പണം പിടിച്ചെടുത്തതിനെതിരെ പാര്‍ട്ടി നല്‍കിയ ഹര്‍ജി കോടതി തള്ളി. ആദായനികുതി വകുപ്പിന്റെ പരിശോധനയും നടപടിയും നിയമപരമാണെന്നും കോടതി പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു തൃശൂരില്‍ നിന്നും സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. ഇതോടൊപ്പം സിപിഎമ്മിന്റെ ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. ആദായ നികുതി വകുപ്പിന്റെ നടപടി തെറ്റാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന എം.എം.വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് തള്ളിയത്. വസ്തുതകള്‍ കൃത്യമായി പരിശോധിച്ചാണ് ആദായ നികുതി വകുപ്പ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നത് എന്നതിനാല്‍ തെറ്റില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.