യുഡിഎഫിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും. വ്യോമസേനാ ഹെലികോപ്ടറില്‍ പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്ത് എത്തും. കമ്മിഷനിങ് ചടങ്ങ് 11 മണിക്ക് നടക്കും. വിഴിഞ്ഞത്ത് കനത്ത സുരക്ഷ ഒരുക്കിയിരിക്കുകയാണ്. തലസ്ഥാനത്ത് ഗതാഗത നിയന്ത്രണവും തുടരും. ക്രഡിറ്റിനു വേണ്ടിയുള്ള പോര് മുറുകുന്നതിനിടെയാണ് ഇന്ന് ഉദ്ഘാടനം നടക്കുന്നത്.
കമ്മിഷനങ്ങിനു ശേഷം നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ പ്രതിപക്ഷ പ്രതിനിധികള്‍ക്ക് അവസരമില്ല. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മന്ത്രി വി.എന്‍. വാസവനും മാത്രമാകും പ്രസംഗിക്കാന്‍ അവസരം നല്‍കുക. പ്രധാനമന്ത്രി 45 മിനിറ്റ് സംസാരിക്കും. മുഖ്യമന്ത്രിക്ക് 5 മിനിറ്റും മന്ത്രി വാസവന് 3 മിനിറ്റുമാണ് പ്രസംഗിക്കാനുള്ള സമയം. പ്രതിപക്ഷ പ്രതിനിധികളായ ശശി തരൂരിനും എം വിന്‍സെന്റിനും പ്രസംഗിക്കാന്‍ അവസരം ലഭിക്കില്ല. തുറമുഖം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ എംഎല്‍എയും എംപിയുമാണ് ഇരുവരും.
അതേ സമയം വിഴിഞ്ഞം തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുമ്പോള്‍ ഇതിനെല്ലാം തുടക്കം കുറിച്ച ജനനായകന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് കോണ്‍ഗ്രസ്. വിഴിഞ്ഞം തുറമുഖ കമ്മീഷനിങ് നടക്കുന്ന രാവിലെ 11ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ചിത്രങ്ങള്‍ വെച്ച് അഭിവാദ്യം അര്‍പ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അറിയിച്ചു.