വിഘ്‌നേഷ് പുത്തൂരിന് പരിക്ക്; ഐ പി എല്‍ സീസണ്‍ നഷ്ടമാവും

Jaihind News Bureau
Thursday, May 1, 2025

മുംബൈ ഇന്ത്യന്‍സിന്റെ മലയാളി സ്പിന്നര്‍ വിഘ്നേഷ് പുത്തൂരിന് തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് സീസണിലെ  ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാവും. കാല്‍മുട്ടിനാണ് പരിക്ക്.

ആദ്യ മത്സരത്തില്‍ തന്നെ മിന്നിയ വിഘ്നേഷ് സീസണില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈക്കെതിരെ അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സിനായി അഞ്ച് മത്സരങ്ങള്‍ കളിച്ച് ആറ് വിക്കറ്റുകള്‍ നേടി. പരിക്ക് കാരണം കഴിഞ്ഞ മത്സരത്തില്‍ കളിച്ചിരുന്നില്ല. ആറാഴ്ച്ചത്തെ വിശ്രമം വേണ്ടി വരുന്നതിനാലാണ് താരം ക്യാംപ് വിടുന്നത്. പരിക്കില്‍നിന്ന് മുക്തിനേടുന്നതിനായി വിഘ്നേഷ് മുംബൈ ഇന്ത്യന്‍സ് മെഡിക്കല്‍ ടീമിനൊപ്പം തുടരുമെന്ന്  പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിക്കാനായാല്‍ മുംബൈക്ക് ഒന്നാം സ്ഥാനത്തേക്ക് കയറാം.  പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള മുംബൈക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരമാണ് ഇനി ബാക്കിയുള്ളത്.  10 മത്സരങ്ങളില്‍ നിന്ന് 12 പോയിന്റാണുള്ളത്. ആറ് ജയവും നാല് തോല്‍വിയുമാണ് അക്കൗണ്ടില്‍.

വിഘ്നേഷിന് പകരം രഘു ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തിയതായി മുംബൈ ഇന്ത്യന്‍സ് അറിയിച്ചു. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലൂടെ ശ്രദ്ധ നേടിയി രഘു ശര്‍മ ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിനെയും പോണ്ടിച്ചേരിയെയും പ്രതിനിധീകരിച്ചിട്ടുണ്ട്.