മെയ് രണ്ടിനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം. ഇന്ന് വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തും. അതിന്റെ ഭാഗമായി ഇന്നും നാളെയും തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ രാത്രി 10 മണി വരെയും വെള്ളിയാഴ്ച രാവിലെ ആറര മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെയുമാണ് നിയന്ത്രണം ഉണ്ടാവുക.
ഇന്ന് വൈകുന്നേരത്തോടെ പ്രധാനമന്ത്രിയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ ലാന്‍ഡ് ചെയ്യും. ഇന്ന് രാത്രി രാജ്ഭവനിലാണ് പ്രധാനമന്ത്രി തങ്ങുന്നത്. നാളെ സൈനിക ഹെലിക്കോപ്റ്ററില്‍ തുറമുഖത്തേക്ക് തിരിക്കും. ചടങ്ങിന് മുന്നോടിയായി തുറമുഖം മുഴുവന്‍ നടന്നു കാണും. എംഎസ് സിയുടെ കൂറ്റന്‍ കപ്പലായ സെലസ്റ്റീനോ മരെസ്‌ക എന്ന കപ്പലാണ് നാളെ വിഴിഞ്ഞത് എത്തുന്നത്.
നാളെ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയ വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. 10,000 പേര്‍ ചടങ്ങില്‍ എത്തുമെന്നാണ് പ്രതീക്ഷ. പൊതു ജനങ്ങള്‍ക്കും പ്രവേശനമുണ്ട്. പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. സുരക്ഷ ക്രമീകരണങ്ങളുടെ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി. കരയിലും കടലിലും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.