ഇന്ത്യയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാകാമെന്നും അത്തരത്തില്‍ ഇന്റലിജന്‍സ് വിവരം ലഭിച്ചുവെന്നും പാക്കിസ്ഥാന്‍ ഇന്‍ഫോര്‍മേഷന്‍ മന്ത്രി അത്താഉല്ല തരാര്‍. 24 മുതല്‍ 36 മണിക്കൂറിനുളില്‍ ഇന്ത്യ അക്രമിക്കുമെന്നും, പാകിസ്താന്‍ തയ്യാറെടുക്കുകയുകയാണെന്നുമാണ് തരാര്‍ പറഞ്ഞത്. തിരിച്ചടിക്ക് ഇന്ത്യ ഒരുങ്ങുന്നു എന്ന സൂചനകള്‍ നിലനില്‍ക്കെയാണ് പാകിസ്താന്‍ മന്ത്രിയുടെ പ്രതികരണം.
ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയ പാക്ക് മന്ത്രി, ഇന്ത്യ സ്വയം ജഡ്ജിയും ആരാച്ചാരുമാകുകയാണെന്ന് ആരോപിച്ചതായും റിപ്പോര്‍ട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനു തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്ന റിപ്പോര്‍ട്ടു പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പാക്ക് മന്ത്രിയുടെ പ്രസ്താവന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ടു ചേര്‍ന്ന 90 മിനിറ്റ് ഉന്നതതല യോഗത്തിലാണ് തിരിച്ചടിക്കാന്‍ സൈന്യത്തിനു പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയത്. ലക്ഷ്യവും സമയവും രീതിയും സേന നിശ്ചയിക്കും. ഇന്നു മന്ത്രിതല സുരക്ഷാസമിതി വീണ്ടും യോഗം ചേരും. കേന്ദ്ര മന്ത്രിസഭാ യോഗവുമുണ്ട്. തിരിച്ചടി നീക്കങ്ങള്‍ക്ക് അന്തിമ അംഗീകാരം നല്‍കുക കാബിനറ്റിലാകും. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിനുമുന്‍പ് കാബിനറ്റ് അനുമതി നല്‍കിയിരുന്നു. നിയന്ത്രണരേഖ മറികടക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. ഇക്കുറി ഏതു തരത്തിലാണു തിരിച്ചടി നീക്കമെന്നതില്‍ വ്യക്തതയില്ല.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി, എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.പാക്കിസ്ഥാനുമായുള്ള രാജ്യാന്തര അതിര്‍ത്തിയിലെ സാഹചര്യത്തെക്കുറിച്ച് ബിഎസ്എഫും ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ ദൗത്യത്തെക്കുറിച്ച് സിആര്‍പിഎഫും യോഗത്തില്‍ വിശദീകരിച്ചു. കശ്മീരിലെ പഹല്‍ഗാമില്‍ കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ മലയാളി ഉള്‍പ്പെടെ 26 പേരാണു കൊല്ലപ്പെട്ടത്. തുടര്‍ച്ചയായ അഞ്ചാം ദിവസവും നിയന്ത്രണരേഖയില്‍ പാക്ക് പ്രകോപനം തുടര്‍ന്നു. ബാരാമുള്ള, കുപ്വാര എന്നിവിടങ്ങള്‍ക്കു പുറമേ ജമ്മുവിലെ അഖ്‌നൂര്‍ സെക്ടറിലും വെടിനിര്‍ത്തല്‍ ലംഘിച്ച പാക്ക് പട്ടാളത്തിനുനേരെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.