സംസ്ഥാനത്ത് ഈ വര്‍ഷം പേവിഷബാധയേറ്റ് മരിച്ചത് 13 പേര്‍; ആശങ്കയില്‍ കേരളം

Jaihind News Bureau
Thursday, May 1, 2025

പേവിഷബാധയ്ക്കുള്ള വാക്സിന്‍ എടുത്തിട്ടും മലപ്പുറത്തെ അഞ്ചുവയസുകാരി മരിച്ച സംഭവത്തില്‍ ആശങ്കകള്‍ ഏറുകയാണ്. അതേ സമയം സംസ്ഥാനത്ത് ഈ മാസം മാത്രം പേവിഷബാധയേറ്റ് ആറ് പേരാണ് മരിച്ചത്. ഈ വര്‍ഷം നാലുമാസത്തിനുളളില്‍ 13 മരണവും സംഭവിച്ചു.

പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചത് 2 ദിവസങ്ങള്‍ക്ക് മുന്‍പാണ്. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ കുട്ടിയുടെ പിതാവ് ആരോപണമുന്നയിച്ചിരുന്നു. കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കായിരുന്നു ആദ്യം കൊണ്ടുപോയത്. എന്നാല്‍ മരുന്നില്ലാത്തതിനാല്‍ പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ചെറിയ മുറിവുകള്‍ക്ക് ചുറ്റുമാണ് ഇന്‍ജക്ഷന്‍ നല്‍കിയതെന്നും കുട്ടിയുടെ പിതാവ് പറയുന്നു. തലയിലെ മുറിവ് വേണ്ടവിധം ചികിത്സിച്ചില്ലെന്നുമാണ് പിതാവ് ആരോപിച്ചത്.

സംസ്ഥാനത്ത് ഈ മാസം മാത്രം പേവിഷബാധയേറ്റ് ആറ് പേരാണ് മരിച്ചത്. ഈ വര്‍ഷം നാലുമാസത്തിനുളളില്‍ 13 മരണവും സംഭവിച്ചു. അഞ്ച് വര്‍ഷത്തിനിടെ വാക്സിനെടുത്തിട്ടും, പേവിഷബാധയേറ്റ് സംസ്ഥാനത്ത് മരിച്ചവര്‍ ഇരുപതുപേരാണ്. എന്നാല്‍ 5 വര്‍ഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 102 പേരാണ്. മറ്റുളളവര്‍ വാക്സിന്‍ എടുത്തിരുന്നില്ല.

വാക്സിനെടുത്താലും മരണത്തിലേക്ക് നയിക്കുന്നത് തലയ്ക്കും മുഖത്തുമേല്‍ക്കുന്ന മാരകമായ മുറിവുകളാണ്. തലയിലോ മുഖത്തോ ഉണ്ടാകുന്ന ഗുരുതര മുറിവുകള്‍ വൈറസ് വേഗത്തില്‍ തലച്ചോറിനെ ബാധിക്കാന്‍ കാരണമാകും. വാക്സിനെടുത്താലും മരണത്തിലേക്ക് എത്താന്‍ കാരണം ഇതാണെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ഒപ്പം വാക്സിന്‍ സുരക്ഷിതവും കാര്യക്ഷമവും എന്ന് ആരോഗ്യവകുപ്പ് ആവര്‍ത്തിക്കുന്നു.

നായ കടിച്ചതിന് ശേഷമുള്ള ആദ്യ മിനിറ്റുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് മുറിവ് കഴുകുക. എത്രയും വേഗം വാക്സിനെടുക്കണം. പേവിഷബാധ കാരണം മരണങ്ങള്‍ കൂടുമ്പോഴും തെരുവുനായശല്യത്തിന്റെ നിയന്ത്രണനടപടികളും വേണ്ടവിധം നടക്കുന്നില്ല. സംസ്ഥാനത്ത് ഇപ്പോള്‍ നാലുലക്ഷത്തിലധികം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്.