വിഴിഞ്ഞം പദ്ധതി: മുഖ്യമന്ത്രിയുടെ പ്രസ്താവന വിലകുറഞ്ഞതെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, May 1, 2025

വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ പ്രസ്താവന വിലകുറഞ്ഞതെന്ന്  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എം എല്‍ എ. വിഴിഞ്ഞത്തിനു വേണ്ടി കേരളസര്‍ക്കാര്‍ ചെയ്യുമെന്ന് പറഞ്ഞ ഒരു കാര്യവും ചെയ്തിട്ടില്ലെന്നതാണ് വസ്തുത. അടിസ്ഥാന വികസനത്തിന് വേണ്ടി കേരള സര്‍ക്കാര്‍ വിഴിഞ്ഞത്ത് ഒന്നും ചെയ്തില്ല എന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും പദ്ധതിക്ക് വേണ്ടി ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചത് ഉമ്മന്‍ചാണ്ടിയും യുഡിഎഫ് സര്‍ക്കാരുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഴിഞ്ഞം പദ്ധതിയുടെ മുഴുവന്‍ ക്രെഡിറ്റും ഉമ്മന്‍ചാണ്ടിക്കും കേരളത്തിലെ ജനങ്ങള്‍ക്കുമാണ്. ആര്‍ എസ്സ് എസ്സ് അനുകൂലികളായ ജയില്‍ ഉദ്യോഗസ്ഥരുടെ യോഗത്തിന് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നു. ബിജെപിയുമായി അത്രമാത്രം ചങ്ങാത്തമുള്ള ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ മതാടിസ്ഥാനത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയപ്പോള്‍ ഒരു നടപടിയും സ്വീകരിക്കാതിരുന്ന സര്‍ക്കാര്‍ ഇക്കാര്യത്തിലും നടപടി എടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ജാതി സെന്‍സസ് രാജ്യത്തെ പിന്നോക്കക്കാരുടെ ഉന്നമനത്തിന് പര്യാപ്തമാകണമെന്നും ജാതി സെന്‍സസ് എന്ന ആവശ്യം നേടിയെടുത്ത രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കുന്നു എന്നും ചെന്നിത്തല വ്യക്തമാക്കി. തിരുവനന്തപുരത്ത് പ്രൊഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രൊഫഷണലുകള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും കോര്‍പ്പറേറ്റുകള്‍ പ്രൊഫഷണലുകളെ ചൂഷണം ചെയ്യുന്നതിനെതിരെ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കി.