തൊഴില്‍ മേഖലയില്‍ യുവ പ്രൊഫഷണല്‍ സമൂഹം നേരിടുന്ന വിവിധ വിഷയങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിന് വേണ്ടിയാണ് പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനമെന്ന് എഐസിസി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി തിരുവനന്തപുരത്തു പറഞ്ഞു. രാജ്യത്ത് സാമൂഹ്യനീതി ഉറപ്പാക്കുന്നതിനു വേണ്ടിയുള്ള പോരാട്ടമാണ് ജാതി സെന്‍സസിനായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയത്. ഇക്കാര്യത്തില്‍ തെലുങ്കാന സര്‍ക്കാര്‍ നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും ദീപാ ദാസ് പറഞ്ഞു.
തൊഴിലിടത്തെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ അകാലത്തില്‍ പൊലിഞ്ഞ അന്നാ സെബാസ്റ്റ്യന്റെ സ്മരണാര്‍ത്ഥം ആള് ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ആവിഷ്കരിച്ച For Anna, For All എന്ന കാംപെയിന് ഇന്ന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് യോഗം നടന്നത് . ഓഫീസുകളില്‍ തൊഴിലാളി ക്ഷേമത്തിനായുള്ള ദൃഢനിശ്ചയമാണത് ഈ കൂട്ടായ്മ സൂചിപ്പിക്കുന്നത്.
രാജ്യത്തെ പ്രൊഫഷണലുകള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. കോര്‍പ്പറേറ്റുകള്‍ പ്രൊഫഷണലുകളെ ചൂഷണം ചെയ്യുന്നതിനെതിരെ നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് ചടങ്ങില്‍ പങ്കെടുത്ത രമേശ് ചെന്നിത്തല എം എല്‍ എ പറഞ്ഞു. ജാതി സെന്‍സസ് എന്ന ആവശ്യം നേടിയെടുത്ത രാഹുല്‍ ഗാന്ധിയെ അഭിനന്ദിക്കുന്നതായും ജാതി സെന്‍സസ് രാജ്യത്തെ പിന്നോക്കക്കാരുടെ ഉന്നമനത്തിന് പര്യാപ്തമാകണമെന്നും അദ്ദേഹം പറഞ്ഞു.
കാമ്പെയ്നിന്റെ ഉദ്ഘാടന വേളയില്‍ മുതിര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കളായ ഓള് ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് ചെയര്മാന് പ്രവീണ്‍ ചക്രവര്‍ത്തി, കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു, രഞ്ജിത്ത് ബാലന് എന്നിവര്‍ പങ്കെടുത്തു