കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് ; ജാതി സെന്‍സസില്‍ തെലങ്കാന മാതൃകയാക്കണമെന്ന് രാഹുല്‍ഗാന്ധി

Jaihind News Bureau
Wednesday, April 30, 2025

ജാതി സെന്‍സസ് നടത്താനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തെ സ്വാഗതം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എന്നാല്‍ ഇത് സാമൂഹിക പരിഷ്‌കരണത്തിലേക്കുള്ള ‘ആദ്യപടി’ മാത്രമാണെന്നും, സെന്‍സസ് പൂര്‍ത്തിയാക്കാന്‍ കൃത്യമായ സമയപരിധി നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു, എന്നാല്‍ സെന്‍സസ് പൂര്‍ത്തിയാക്കാന്‍ എത്ര കാലം എടുക്കുമെന്ന് അറിയേണ്ടതുണ്ട്,’ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

സര്‍ക്കാരിനെക്കൊണ്ട് നടപടിയെടുപ്പിക്കാന്‍ പൊതുജനങ്ങളില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമുള്ള സമ്മര്‍ദ്ദം സഹായിച്ചതായി രാഹുല്‍ ഗാന്ധി പറഞ്ഞു. ‘സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദീര്‍ഘകാലമായി ഇത് ആവശ്യപ്പെട്ടിരുന്നു. ‘ഞങ്ങള്‍ ജാതി സെന്‍സസ് യാഥാര്‍ത്ഥ്യമാക്കുമെന്ന് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. നിലവിലുള്ള 50% സംവരണ പരിധി എന്ന കൃത്രിമ മതില്‍ ഇല്ലാതാക്കുമെന്നും പറഞ്ഞിരുന്നു. എന്ത് സംഭവിച്ചെന്ന് അറിയില്ല, എന്നാല്‍ പെട്ടെന്ന് 11 വര്‍ഷത്തിന് ശേഷം ജാതി സെന്‍സസ് പ്രഖ്യാപിച്ചിരിക്കുന്നു.’

സെന്‍സസിന് ബീഹാറിന്റെയും തെലങ്കാനയുടെയും രണ്ട് ഉദാഹരണങ്ങളുണ്ട് . എന്നാല്‍ തെലങ്കാന ഒരു നല്ല മാതൃകയാണെന്നും കേന്ദ്ര സര്‍ക്കാരിന് അതൊരു ബ്‌ളൂ പ്രിന്റായി ഉപയോഗിക്കാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ‘ജാതി സെന്‍സസ് ആദ്യപടിയാണ്. ജാതി സെന്‍സസിലൂടെ ഒരു പുതിയ വികസന മാതൃക കൊണ്ടുവരിക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. സംവരണം മാത്രമല്ല, ഒബിസി, ദളിത്, ആദിവാസി വിഭാഗക്കാരായാലും ഈ രാജ്യത്ത് അവരുടെ ഭരണപങ്കാളിത്തം വര്‍ദ്ധിപ്പിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം അനുവദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 15(5) നടപ്പാക്കണമെന്ന് എന്‍ഡിഎ സര്‍ക്കാരിനോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

പഹല്‍ഗാം ആക്രമണത്തില്‍ പ്രധാനമന്ത്രി ഉടന്‍ നടപടി വേണം

പഹല്‍ഗാമില്‍ ഇന്ത്യാക്കാരെ നിഷ്‌കരുണം കൊലപ്പെടുത്തിയതിന് ഉത്തരവാദികള്‍ ആരാണെന്ന് വ്യക്തമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അവര്‍ വില നല്‍കേണ്ടി വരും. പ്രധാനമന്ത്രി നടപടിയെടുക്കണം. വ്യക്തവും ശക്തവുമായ നടപടിക്ക് പ്രധാനമന്ത്രി ഒട്ടും അമാന്തിക്കരുത്, സമയം പാഴാക്കരുത്, ഇത്തരത്തിലുള്ള അസംബന്ധങ്ങള്‍ ഇന്ത്യ വെച്ചുപൊറുപ്പിക്കില്ലെന്ന് വളരെ വ്യക്തമാക്കണമെന്നും രാഹുല്‍ പറഞ്ഞു