വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ക്ഷണം കേന്ദ്ര നിര്‍ദേശപ്രകാരമെന്നാണ് മന്ത്രി വി എൻ വാസവൻ നൽകുന്ന വിശദീകരണം. ക്ഷണിക്കാത്തിടത്ത് പോകില്ലെന്ന് പ്രതിപക്ഷനേതാവ്. സർക്കാരിന്‍റെ വാർഷികാഘോഷ ഭാഗമായാണ് ഉദ്ഘാടനം എന്ന് ആവർത്തിച്ച് തുറമുഖ മന്ത്രി .
തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്ന് കെ സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു.
വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ സർക്കാർ ഉൾപ്പെടുത്തിയത് പുതിയ വിവാദത്തിര ഇളക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ ഇച്ഛാശക്തിയിൽ പിറവിയെടുത്ത വി ഴിഞ്ഞം തുറമുഖ പദ്ധതി ഉദ്ഘാടനത്തിൽ നിന്ന് പ്രതിപക്ഷ നേതാവിനെവരെ മാറ്റിനിർത്തുവാൻ ഗൂഢതന്ത്രം ഒരുക്കിയ സർക്കാരാണ് ബിജെപി സംസ്ഥാന അധ്യക്ഷന് പരവതാനി വിരിക്കുന്നത്. ബിജെപി സി പി എം അന്തർധാര വിവാദം ആളിക്കത്തുന്നതിനിടയിലാണ് ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷനെ സർക്കാർ പങ്കെടുപ്പിക്കുന്നത്. ക്ഷണം കേന്ദ്ര നിര്‍ദേശപ്രകാരമെന്നാണ് മന്ത്രി വി എൻ വാസവൻ ഇതിനു നൽകുന്ന വിശദീകരണം.
സംസ്ഥാന സർക്കാരിന്‍റെ വാർഷികാഘോഷ ഭാഗമാണ് ഉദ്ഘാടനമെന്ന് ഇന്നും തുറമുഖ മന്ത്രി വി എൻ വാസവൻ
ആവർത്തിച്ച് അവകാശപ്പെട്ടു. അങ്ങനെയെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ വാർഷികാഘോഷത്തിൽ എങ്ങനെയാണ് ബിജെപി നേതാവ് പങ്കെടുക്കുന്നതെന്ന വലിയ ചോദ്യമാണ് ഉയരുന്നത്. കേന്ദ്ര നിർദ്ദേശപ്രകാരം എന്ന വാദം ആവർത്തിച്ചാണ് വാസവൻ ഇതിൽനിന്ന് തടി ഊരിയത്.
തുറമുഖ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. ക്ഷണിക്കാത്തിടത്ത് പോകില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേരിടണമെന്ന് കെ സി വേണുഗോപാല്‍ എം.പി ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യത്തിൽ അടിത്തറ പാകിയ പദ്ധതിയുടെ വിജയ ശില്പികൾ ആകുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകളും കിട മത്സരം തുടരുകയാണ്.