പോത്തന്‍കോട് സുധീഷ് കൊലക്കേസിലെ 11 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് എസ് എസ്ടി പ്രത്യേക കോടതിയാണ് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും.
കേസിലെ 11 പ്രതികളും കുറ്റക്കരാെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. 11 പ്രതികള്‍ക്കുമെതിരെ കൊലപാതകക്കുറ്റം തെളിഞ്ഞു. ഒന്നു മുതല്‍ മൂന്നു വരെ പ്രതികള്‍ ആയുധം ഉപയോഗിച്ചതായും കണ്ടെത്തി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്, ശ്രീനാഥ്, സൂരജ്, അരുണ്‍, ജിഷ്ണു പ്രദീപ്, സച്ചിന് എന്നിവരാണ് പ്രതികള്‍. കേസില്‍ പ്രതികള്‍ ?ഗുണ്ട?കളാണെന്നതിനാല്‍ തന്നെ ആക്രമണം ഭയന്ന് ദൃസാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറിയിരുന്നു. എന്നാല്‍ പ്രതികള്‍ സുധീഷിന്റെ വെട്ടിയെടുത്ത കാല്‍പ്പത്തിയുമായി പോവുന്നതിന്റെയടക്കം സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളുമാണ് കേസില്‍ നിര്‍ണായകമായത്. കൊല്ലപ്പെട്ട സുധീഷിന്റെ രക്തസാമ്പിള്‍ പ്രതികളുടെ വസ്ത്രത്തിലെയും ആയുധങ്ങളിലേയും രക്തവുമായി ഒത്തുനോക്കുകയും ചെയ്തു.
കേസിലെ എല്ലാ പ്രതികളും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. ഒരു വര്‍ഷം മുമ്പാണ് വിചാരണ തുടങ്ങിയത്. 2021 ഡിസംബര്‍ 11നാണ് കൊലപാതകം നടന്നത്. വധശ്രമക്കേസില്‍ പ്രതിയായി ഒളിവില്‍ കഴിയുന്നതിനിടെയാണ് സുധീഷിനെ എതിര് ചേരിയില്‍പ്പെട്ട് ഗുണ്ടാസംഘം കൊലപ്പെടുത്തുന്നത്. വധശ്രമക്കേസില്‍ പ്രതിയാക്കപ്പെട്ട സുധീഷ് പോത്തന്‍കോട് കല്ലൂരുള്ള ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് എതിര്‍സംഘം വീടുവളഞ്ഞത്. കേസിലെ ഒന്നാം പ്രതിയായ ഉണ്ണിയെന്ന സുധീഷിന്റെ ബന്ധുവിനെയാണ് കൊല്ലപ്പെട്ട സുധീഷ് വധിക്കാന്‍ ശ്രമിച്ചത്. ഇതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. നെടുമങ്ങാട് ഡിവൈഎസ്പിയായ സുല്‍ഫിക്കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. കേസില്‍ നാളെ കോടതി ശിക്ഷ വിധിക്കും.