‘ചടങ്ങില്‍ എത്തുമല്ലോ’; വിവാദത്തിനു പിന്നാലെ പ്രതിപക്ഷ നേതാവിനു ക്ഷണക്കത്തയച്ച് തുറമുഖ മന്ത്രി

Jaihind News Bureau
Tuesday, April 29, 2025

വിവാദം ആളിക്കത്തിയതിനു പിന്നാലെ പ്രതിപക്ഷ നേതാവിന് ക്ഷണക്കത്ത് അയച്ച്് തുറമുഖമന്ത്രി. ‘ചടങ്ങില്‍ എത്തുമല്ലോ’ എന്നാണ് കത്തില്‍. മന്ത്രിയുടെ ദൂതനെ കന്റോണ്‍മെന്റ് ഹൗസിലേക്കയച്ചാണ് ക്ഷണിച്ചത്. അതേസമയം, എന്താണ് പ്രതിപക്ഷ നേതാവിന്റെ റോള്‍ എന്ന് വ്യക്തമല്ല.

വിഴിഞ്ഞം കമ്മീഷനിംഗ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തുന്നതാണെന്നും പരിപാടികള്‍ ബഹിഷ്‌കരിക്കുന്ന നിലപാട് പ്രതിപക്ഷം എടുത്തതുക്കൊണ്ടാണ് ചടങ്ങിന് ക്ഷണിക്കാതിരുന്നത് എന്നുമായിരുന്നു തുറമുഖ മന്ത്രിയുടെ വാദം. ഒടുവില്‍ വിവാദം ആളിക്കത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരിക്കുന്നത്. അതേസമയം, സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനാണോ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതെന്ന് സര്‍ക്കാരും ബിജെപിയും മറുപടി പറയണമെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്. സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ വരേണ്ട ആവശ്യം മോദിക്കുണ്ടോ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്.

പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യുന്ന പദ്ധതിക്ക് സ്ഥലം എംപി ശശി തരൂരിനും എംഎല്‍എ എം.വിന്‍സെന്റിനും മാത്രമാണ് ആകെ ക്ഷണമുള്ളത്. ചടങ്ങില്‍ നിന്നും പ്രതിപക്ഷ നേതാവിനെ ബഹിഷ്‌കരിച്ചതിന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണമാണ് കോണ്‍ഗ്രസിനെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ട്രയല്‍ റണ്ണിന് ക്ഷണിക്കാതിരുന്നപ്പോള്‍ കമ്മീഷന് വിളിക്കും എന്നാണ് പറഞ്ഞിരുന്നത്. 2023 ല്‍ആദ്യ ചരക്ക് കപ്പലെത്തിയപ്പോള്‍ നടത്തിയ ചടങ്ങില്‍ പ്രത്യേക ക്ഷണിതാവായി എത്തിയ വി.ഡി.സതീശന്‍ വിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ നല്‍കിയത് ഉമ്മന്‍ ചാണ്ടിക്കാണ്. അന്നേ സര്‍ക്കാരിന് അത് കല്ലുകടിയായിരുന്നു. അതുകൊണ്ടാകാം സതീശനെ ഒഴിവാക്കാമെന്ന് തീരുമാനമുണ്ടായത് എന്ന ആക്ഷേപമുയര്‍ന്നിരുന്നു.