വിഴിഞ്ഞം രാജ്യാന്തര തുറമുഖം കമ്മിഷനിങ്ങിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ സന്ദര്‍ശനത്തില്‍ കുടുംബത്തെ ഒപ്പംകൂട്ടിയതു വിവാദമാകുന്നു. തുറമുഖത്തെ പ്ലാന്‍ റൂമില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനരീതി മുഖ്യമന്ത്രിയോടു വിശദീകരിച്ചപ്പോഴും കുടുംബം ഒപ്പമുണ്ടായിരുന്നു. ഇതിനെതിരെയാണു വ്യാപക വിമര്‍ശനമുയര്‍ന്നത്.
മുഖ്യമന്ത്രി നടത്താറുള്ള വിദേശയാത്രകളില്‍ സ്ഥിര സാന്നിധ്യമാണ് ഭാര്യയും മകളും കൊച്ചുമകനും. സമാനമായ രീതിയിലാണ് വിഴിഞ്ഞത്തെ നിര്‍മാണ പുരോഗതി മനസ്സിലാക്കാന്‍ മന്ത്രിമാരും ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലും ഭാര്യ കമല, മകള്‍ വീണ, കൊച്ചുമകന്‍ ഇഷാന്‍ എന്നിവരെ ഉള്‍പ്പെടുത്തിയത്. തുറമുഖത്തിന്റെ തന്ത്രപ്രധാനമേഖലയായ പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍, ബെര്‍ത്ത്, പുലിമുട്ട് എന്നിവിടങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചതും കുടുംബത്തിനൊപ്പമാണ്. ബെര്‍ത്ത് പരിധിയില്‍ ടഗ് യാത്രയും നടത്തി. തുറമുഖത്തെ പ്ലാന്‍ റൂമില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തനരീതി മുഖ്യമന്ത്രിയോടു വിശദീകരിച്ചപ്പോഴും കുടുംബം ഒപ്പമുണ്ടായിരുന്നു. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണുയരുന്നത്.
മുഖ്യമന്ത്രിയുടേത് അനൗദ്യോഗിക സന്ദര്‍ശനമായിരുന്നെന്നും കുടുംബം ഒപ്പമുണ്ടായതില്‍ അസ്വാഭാവികതയില്ലെന്നുമാണു വിസില്‍ എംഡി ദിവ്യ എസ്.അയ്യരുടെ വിശദീകരണം. തുറമുഖം സന്ദര്‍ശിച്ചശേഷമുള്ള സമൂഹമാധ്യമക്കുറിപ്പില്‍ നിര്‍മാണപുരോഗതിയും മറ്റും വിലയിരുത്താനായിരുന്നു സന്ദര്‍ശനമെന്നു മുഖ്യമന്ത്രി അറിയിച്ചിരുന്നു. മന്ത്രിമാരായ വി.എന്‍.വാസവന്‍, വി.ശിവന്‍കുട്ടി, മേയര്‍ ആര്യ രാജേന്ദ്രന്‍, തുറമുഖ വകുപ്പിലെയും അദാനി പോര്‍ട്‌സിലെയും ഉദ്യോഗസ്ഥര്‍ എന്നിവരും മുഖ്യമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ സന്നിഹിതരായിരുന്നു. അങ്ങനെയാകുമ്പോള്‍ ഇതെങ്ങനെ അനൗദ്യോഗിക സന്ദര്‍ശനമാകും, എന്നതാണ് ഉയരുന്ന ആക്ഷേപം.