അമേരിക്കയിലെ ഒഹായിയോ സംസ്ഥാനത്തെ യൂണിവേഴ്‌സിറ്റിയായ യൂണിവേഴ്‌സിറ്റി ഓഫ് ടൊലീഡോ മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ‘ടവര്‍ ഓഫ് എക്‌സലന്‍സ്’ അവാര്‍ഡിന് മലയാളിയായ അമല ബാബു തോമസ് ഉള്‍പ്പടെ ആറു വിദ്യാര്‍ത്ഥികള്‍ അര്‍ഹരായി. അവാര്‍ഡ് നേടിയ 6 വിദ്യാര്‍ത്ഥികളില്‍ ഏക ഇന്ത്യക്കാരിയാണ്. നേതൃത്വമികവ്, അക്കാദമിക് മികവ്, സമൂഹ സേവനം എന്നിവയിലൂടെ ക്യാമ്പസില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന, ഈ വര്‍ഷം ബിരുദധാരികളാകുന്ന വിദ്യാര്‍ത്ഥികളെയാണ് ഈ അവാര്‍ഡിന് പരിഗണിച്ചത്. 1872 ല്‍ സ്ഥാപിതമായി മെഡിക്കല്‍, എഞ്ചിനീയറിംഗ് , ആര്‍ട്‌സ് വിഷയങ്ങളില്‍ ഉള്‍പ്പടെ മികച്ച വിദ്യാഭ്യാസം നല്‍കുന്ന, ഏകദേശം 153 വര്‍ഷത്തെ ചരിത്രം പേറുന്ന അമേരിക്കയിലെ മികച്ച യൂണിവേഴ്‌സിറ്റികളില്‍ ഒന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ടൊലീഡോ.
അബുദാബിയില്‍ താമസിക്കുന്ന പത്തനംതിട്ട അടൂര്‍ സ്വദേശികളായ ബാബു കെ തോമസിന്റെയും ലിനിയുടെയും ഏക മകളാണ് അമല. നാലാം ക്ലാസ് വരെ തുവയൂര്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂളിലും പത്താംക്ലാസ് വരെ അബുദാബി സണ്‍റൈസിലും പഠിച്ച അമല മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് പ്ലസ് ടു കഴിഞ്ഞതിന് ശേഷമാണ് യൂണിവേഴ്‌സിറ്റി ഓഫ് ടൊലീഡോയില്‍ എന്‍വിറോണ്‍മെന്റല്‍ എഞ്ചിനീറിങ്ങ് പഠനത്തിനായി ചേരുന്നത്.
കോണ്‍ഗ്രസ് നേതാവായ രാഹുല്‍ഗാന്ധി 2019ല്‍ ദുബായിലുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സ്ത്രീശാക്തീകരണ പരിപാടിയില്‍, അദ്ദേഹത്തിനോട് ചോദ്യം ചോദിക്കാനുള്ള അവസരം ഈ കൊച്ചു മിടുക്കിക്ക് ലഭിച്ചിരുന്നു. രാഷ്ട്രീയത്തിലുള്ള സ്ത്രീ ശാക്തീകരണത്തെ കുറിച്ചായിരുന്നു അമല അന്ന് ചോദിച്ചത്. രാഷ്ട്രീയമായും സാമൂഹികമായും ഏറെ അവസരങ്ങള്‍ ലഭിക്കാത്ത ഗ്രാമീണ സ്ത്രീകളെ കുറിച്ചായിരുന്നു ചോദ്യം ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ പോലും പിടിച്ചുപ്പറ്റാന്‍ അമലയ്ക്ക് അന്ന് കഴിഞ്ഞു.
പത്താംക്ലാസില്‍ പഠിക്കുന്ന സമയത്ത് അബുദാബി സണ്‍റൈസ് സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റസ് വൈസ് പ്രസിഡന്റ് ആയിരുന്ന അമല അമേരിക്കയില്‍ എത്തിയതിന് ശേഷം പെറുവിലും മെക്‌സിക്കോയിലും ഉള്‍പ്പടെ വിവിധ മിഷന്‍ ട്രിപ്പുകളില്‍ ഭാഗമായിരുന്നു.