വിഴിഞ്ഞം കമ്മീഷനിങ്ങിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് അനൗചിത്യവും ജനാധിപത്യവിരുദ്ധവുമെന്ന് മുന്‍ മന്ത്രി കെ സി ജോസഫ് ഫേസ് ബുക്ക് പോസ്റ്റില്‍ ചൂണ്ടി കാട്ടി. കോണ്‍ഗ്രസ് മുഴുവനായും ഇതിനെതിരെ രംഗത്തു വന്നിരുന്നു. തുറമുഖത്തെ ആദ്യ ചരക്കു കപ്പലിനെ സ്വീകരിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍, ട്രയല്‍ റണ്‍ ഉദ്ഘാടനത്തില്‍നിന്ന് ഒഴിവാക്കിയതു പോലെ കമ്മീഷനിംഗ് ചടങ്ങില്‍ നിന്നും വെട്ടുകയായിരുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
മെയ് രണ്ടാം തീയതി വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി പ്രധാനമന്ത്രി കമ്മീഷന്‍ ചെയ്യുന്ന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടതില്ലെന്ന പിണറായി സര്‍ക്കാറിന്റെ തീരുമാനം തികഞ്ഞ ധിക്കാരവും അനൗചിത്യവുമാണ്. ഇടതുമുന്നണിയുടെ തറവാട്ട് സ്വത്തല്ല വിഴിഞ്ഞം തുറമുഖ പദ്ധതി. ‘ഇടതുമുന്നണി ഗവണ്‍മെന്റിന്റെ നാലാം വാര്‍ഷികാഘോഷം പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നു’ എന്ന കാരണം പറഞ്ഞ് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കാന്‍ ശ്രമിക്കുന്നത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയാണ്. പിണറായി സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതിയല്ല വിഴിഞ്ഞം തുറമുഖ പദ്ധതി. സര്‍ക്കാരുകള്‍ ഒരു തുടര്‍ച്ച ആയതുകൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തുടങ്ങിയ വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാക്കേണ്ട ഉത്തരവാദിത്തം പിണറായി സര്‍ക്കാരിന് ഉണ്ടായെന്ന് മാത്രം.
2015 ഡിസംബര്‍ 15 നാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം പദ്ധതി ആരംഭിക്കുന്നത്. അന്നത്തെ പ്രതിപക്ഷമായ ഇടതു മുന്നണി ആ ദിവസത്തെ വിശേഷിപ്പിച്ചത് ‘കേരളത്തെ വില്‍ക്കുന്ന ദിവസം’ എന്നായിരുന്നു. 2015 ഫെബ്രുവരിയില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയെപ്പറ്റി ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിക്കുകയുണ്ടായി . അതില്‍ പറയുന്നത് ‘മലയാളിയുടെ വികസന മോഹങ്ങളുടെ മറവില്‍ 6000 കോടി രൂപ വരുന്ന ഭൂമി അദാനി ഗ്രൂപ്പിന് കൈമാറ്റം ചെയ്യുന്ന കൂറ്റന്‍ അഴിമതിയാണ് വിഴിഞ്ഞം പദ്ധതിയിലൂടെ അനാവരണം ചെയ്യപ്പെടുന്നത്’ എന്നായിരുന്നു. തുടക്കം മുതല്‍ ഈ പദ്ധതിയെ തകര്‍ക്കാനും ഇല്ലായ്മ ചെയ്യാനും ശ്രമിച്ച ഇടതുപക്ഷ മുന്നണിയാണ് ഇപ്പോള്‍ കേരളത്തിന്റെ വികസന മോഹങ്ങളുടെ സാക്ഷാത്കാരം എന്ന് ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. ഞങ്ങള്‍ക്ക് അതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ട്. കടിച്ച പാമ്പ് തന്നെയാണല്ലോ വിഷമെടുക്കുന്നത്.
വിഴിഞ്ഞം പദ്ധതി ആരംഭിക്കുന്നതിന് ധാരാളം എതിര്‍പ്പുകളും പ്രശ്‌നങ്ങളും ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. എല്ലാ പഴുതുകളും അടച്ച് വിമര്‍ശനത്തിന് ഒരു നേരിയ അവസരം പോലും ലഭിക്കാന്‍ ഇടയാകാത്ത തരത്തില്‍ തികച്ചും നിയമപരമായും അവധാനതയോടെയുമാണ് വിഴിഞ്ഞം പദ്ധതിയുടെ നടപടികള്‍ അന്ന് പൂര്‍ത്തിയാക്കിയത്. അത് കൊണ്ടാണല്ലോ ആറായിരം കോടിയുടെ അഴിമതി ആരോപിച്ചവര്‍ എട്ടു കൊല്ലം ഭരിച്ചിട്ടും അഴിമതിയുടെ തരിമ്പു പോലും കണ്ടു പിടിക്കാന്‍ കഴിയാതെ പത്തി മടക്കി മാളത്തില്‍ ഒളിക്കേണ്ടി വന്നത് . ഉമ്മന്‍ചാണ്ടി എന്ന മുഖ്യമന്ത്രിയുടെ ഇച്ഛാശക്തി ഒന്നുമാത്രമാണ് വിഴിഞ്ഞം ആരംഭിക്കാന്‍ കാരണമായത്. അന്നത്തെ പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തേയും ആക്ഷേപശരങ്ങളേയും ഭയന്ന് പിന്മാറിയിരുന്നെങ്കില്‍ ഇന്ന് വിഴിഞ്ഞം തുറമുഖം ഉണ്ടാകുമായിരുന്നില്ല, മറിച്ച് ആ സ്ഥാനത്ത് തമിഴ്‌നാട് സര്‍ക്കാറിന്റെ കൊളച്ചല്‍ തുറമുഖം യാഥാര്‍ഥ്യമാകുകയും ചെയ്യുമായിരുന്നു.