വിഴിഞ്ഞം കമ്മീഷനില്‍ പ്രതിപക്ഷനേതാവിനെ ഒഴിവാക്കിയത് സങ്കൂചിത രാഷ്ട്രീയമെന്ന് എം. വിന്‍സെന്റ് എംഎല്‍എ. തുറമുഖത്തെ എതിര്‍ത്ത അന്നത്തെ പ്രതിപക്ഷത്തെ ശിലാസ്ഥാപന ചടങ്ങില്‍ ക്ഷണിച്ചിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണോ പ്രധാനമന്ത്രി വരുന്നതെന്നും വിന്‍സെന്റ് എംഎല്‍എ ചോദിച്ചു. കെപിസിസി ഓഫിസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥര്‍ തുറമുഖ പ്രവര്‍ത്തനം വിശദീകരിക്കുമ്പോള്‍ മുഖ്യമന്ത്രി കുടുംബത്തോടൊപ്പം പങ്കെടുത്തത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്, ഭാര്യയ്ക്കും, മകള്‍ക്കും കൊച്ചുമകനുമൊപ്പം പദ്ധതി പ്രദേശത്ത് എത്തിയത്. തുറമുഖ പദ്ധതിയുടെ കമ്മീഷനിംഗ് അടുത്ത മാസം രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. അതിന് മുന്നോടിയായി കുടുംബസമേതം മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തിയിരുന്നു. അതിന്റെ ചിത്രങ്ങള്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുമുണ്ട്. എന്നാല്‍, അന്ന് പ്രതിപക്ഷം ആയിരിക്കെ വെറുതെ എതിര്‍ക്കുകയും ഇന്ന് ഭരണപക്ഷത്തിരുന്ന് വിഴിഞ്ഞം വികസനത്തിന് നേതൃത്വം വഹിക്കുകയും ചെയ്ത ഇരട്ടത്താപ്പിന്റെ കഥയാണ് തുറമുഖ പദ്ധതിക്ക് പറയാനുള്ളത്.