ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ കര്‍ദ്ദിനാള്‍ കോണ്‍ക്ലേവ് മെയ് 7ന് ; സിസ്റ്റീന്‍ ചാപ്പലില്‍ ഒരുക്കങ്ങള്‍ തുടങ്ങി

Jaihind News Bureau
Monday, April 28, 2025

ലോകമെമ്പാടും 140 കോടി അംഗങ്ങളുള്ള കത്തോലിക്കാ സഭയുടെ പുതിയ തലവനെ തിരഞ്ഞെടുക്കുന്നതിനുള്ള കര്‍ദ്ദിനാള്‍മാരുടെ രഹസ്യ സമ്മേളനമായ കോണ്‍ക്ലേവ് മെയ് 7 ന് ആരംഭിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സംസ്‌കാര ശുശ്രൂഷകള്‍ അവസാനിച്ച ശേഷം കര്‍ദ്ദിനാള്‍മാര്‍ വത്തിക്കാനില്‍ അടച്ചിട്ട മുറിയില്‍ ചേര്‍ന്ന യോഗത്തിലാണ് കോണ്‍ക്ലേവിന്റെ തീയതി തീരുമാനിച്ചത്. വോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തെരഞ്ഞെടുക്കുക. 80 വയസ്സില്‍ താഴെയുള്ള 135 കര്‍ദ്ദിനാള്‍മാര്‍ക്കാണ് കോണ്‍ക്ലേവില്‍ പങ്കെടുത്ത് സഭയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ അര്‍ഹതയുള്ളത്.

കോണ്‍ക്ലേവുകള്‍ നടക്കുന്ന പതിനാറാം നൂറ്റാണ്ടിലെ സിസ്റ്റീന്‍ ചാപ്പല്‍, ഒരുക്കങ്ങള്‍ക്കായി ഒരുങ്ങുകയാണ് . 2005 ലും 2013 ലും നടന്ന മുന്‍ കോണ്‍ക്ലേവുകള്‍ രണ്ട് ദിവസം മാത്രമാണ് നീണ്ടുനിന്നത്. എന്നാല്‍ ഇത്തവണത്തെ കോണ്‍ക്ലേവ് കൂടുതല്‍ സമയമെടുത്തേക്കാമെന്ന് സ്വീഡിഷ് കര്‍ദ്ദിനാള്‍ ആന്‍ഡേഴ്‌സ് അര്‍ബോറേലിയസ് പറഞ്ഞു. ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ച പല കര്‍ദ്ദിനാള്‍മാര്‍ക്കും പരസ്പരം പരിചയമില്ല എന്നതാണ് ഇതിന് കാരണം. മ്യാന്‍മര്‍, ഹെയ്തി, റുവാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ആദ്യമായി കര്‍ദ്ദിനാള്‍മാരെ നിയമിക്കുന്നതിന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുന്‍ഗണന നല്‍കിയിരുന്നു. കഴിഞ്ഞ 10 കോണ്‍ക്ലേവുകളുടെ ശരാശരി ദൈര്‍ഘ്യം മൂന്ന് ദിവസമാണ് .

2013 മുതല്‍ മാര്‍പ്പാപ്പയായിരുന്ന ഫ്രാന്‍സിസ്, 88-ാം വയസ്സില്‍ ഏപ്രില്‍ 21 കാലം ചെയ്തു. ശനിയാഴ്ച നടന്ന അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകളിലും റോമിലൂടെ സെന്റ് മേരി മേജര്‍ ബസിലിക്കയിലെ കബറിടത്തിലേക്കുള്ള വിലാപയാത്രയിലും 4 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുത്തതായാണ് കണക്കാക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ലഭിച്ച വലിയ ജനപങ്കാളിത്തത്തോടെയുള്ള യാത്രയയപ്പ്, അദ്ദേഹത്തിന്റെ ലളിതവും സുതാര്യവുമായ ശൈലിയിലുള്ള ഭരണം തുടരുന്ന ഒരു പിന്‍ഗാമിയെയാണ് കത്തോലിക്കര്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ സൂചനയാണെന്ന് സഭ വിലയിരുത്തുന്നു