വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 പേര് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന്, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ പാകിസ്ഥാന് പിന്തുണ പ്രഖ്യാപിച്ച് ചൈന. അതിവേഗ സൈനിക സഹായം പ്രഖ്യാപിച്ച ചൈന പി.എല്‍ 15 മിസൈലുകള്‍ പാക്കിസ്ഥാന് കൈമാറി. പാകിസ്ഥാന് വ്യോമസേനയ്ക്കും സൈനികമായ സഹായം നല്‍കിയെന്നുമാണ് റിപ്പോര്‍ട്ട്.
പഹല്‍ഗാം ആക്രമണത്തിനു ശേഷമുള്ള സംഭവവികാസങ്ങള്‍ ചൈന സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് പാകിസ്ഥാന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രി അറിയിച്ചു.. സംയമനം പാലിക്കണമെന്നും ‘നിഷ്പക്ഷമായ അന്വേഷണം’ നടത്തണമെന്നുമാണ് വിദേശകാര്യ മന്ത്രി വാങ് യി പാകിസ്ഥാനോട് പ്രതികരിച്ചത്. ‘ഭീകരതയ്ക്കെതിരായ ഉറച്ച നടപടികളില്‍ ചൈന എല്ലായ്പ്പോഴും പാകിസ്ഥാനെ പിന്തുണച്ചിട്ടുണ്ടെന്നും ഒരു ഉറച്ച സുഹൃത്തും എല്ലാ കാലാവസ്ഥയിലും തന്ത്രപരമായ പങ്കാളിയും എന്ന നിലയില്‍, പാകിസ്ഥാന്റെ ന്യായമായ സുരക്ഷാ ആശങ്കകള്‍ ചൈന പൂര്‍ണ്ണമായി മനസ്സിലാക്കുകയും അതിന്റെ പരമാധികാരവും സുരക്ഷാ താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതില്‍ പാകിസ്ഥാനെ പിന്തുണയ്ക്കുമെന്ന് ചൈനീസ് വാര്‍ത്താക്കുറിപ്പില്‍ വാങ് പറഞ്ഞതായി റിപ്പോര്‍്ട്ട് ചെയ്യുന്നു. സംഘര്‍ഷം ഇന്ത്യയുടെയും പാകിസ്ഥാന്റെയും അടിസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് നിരക്കുന്നതല്ലായെന്നും പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഉതകുന്നതല്ലെന്നും ഇരു രാജ്യങ്ങളും ‘സംയമനം പാലിക്കണമെന്നും സാഹചര്യം തണുപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും എന്നും ചൈനീസ് വിദേശകാര്യ മന്ത്രി അറിയിച്ചു.. 2019 ഓഗസ്റ്റില്‍ ന്യുഡല്ഹിയുടേയും ജമ്മു കശ്മീരിന്റെയും പ്രത്യേക പദവി എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കുകയും ചെയ്തപ്പോഴും ചൈന ഈ നീക്കത്തെ എതിര്‍ക്കുന്നതില്‍ പാകിസ്ഥാനോടൊപ്പം ചേര്‍ന്നിരുന്നു.
സിന്ധു നദീജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും അട്ടാരിയിലെ ഏക പ്രവര്‍ത്തനക്ഷമമായ കര അതിര്‍ത്തി ക്രോസിംഗ് അടച്ചുപൂട്ടുകയും ചെയ്യുന്നതുള്‍പ്പെടെ പാകിസ്ഥാനെതിരെ നിരവധി ശിക്ഷാ നടപടികള്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. നദീജലം തടയുന്നത് ഒരു ‘യുദ്ധനടപടി’യായി കാണുമെന്നാണ് പാകിസ്ഥാന്റെ പ്രതികരണം. ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി അടയ്ക്കുക, എല്ലാ വ്യാപാരവും നിര്‍ത്തിവയ്ക്കുക തുടങ്ങിയ പ്രതിരോധ നടപടികളും പാകിസ്ഥാന് പ്രഖ്യാപിച്ചിരിക്കുകയാണ്.