റഫേല്‍ കരാര്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പിട്ടു; ലക്ഷ്യം നാവികസേനയ്ക്ക് കരുത്ത് പകരാന്‍

Jaihind News Bureau
Monday, April 28, 2025

റഫേല്‍ കരാര്‍ ഒപ്പിട്ടു. 63,000 കോടിയുടെ റഫേല്‍ മറീന്‍ പോര്‍വിമാനക്കരാര്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പിട്ടു. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംങ്ങും ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതിയുമാണ് ഒപ്പിട്ടത്. 26 റഫേല്‍ മറീന്‍ പോര്‍വിമാനങ്ങള്‍ നാവികസേനയ്ക്കായി വാങ്ങും.

റഫേല്‍ എം യുദ്ധവിമാനങ്ങള്‍ക്കായാണ് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഫ്രാന്‍സ് സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടത്. ഇന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് തന്നെ. ഇന്ത്യന്‍ നാവികസേനയ്ക്ക് 22 സിംഗിള്‍ സീറ്റ് വിമാനങ്ങളും നാല് ഡബിള്‍ സീറ്റ് വിമാനങ്ങളും ലഭിക്കണമെന്നതാണ് കരാര്‍. ഈ വര്‍ഷം മാര്‍ച്ച് പകുതിയോടെ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയിതിന്റെ അടിസ്ഥാനത്തിലാണ് കരാറില്‍ ഒപ്പു വച്ചിരിക്കുന്നത്. 2023 ജൂലൈയില്‍ തന്നെ കരാറിന് പ്രതിരോധ മന്ത്രാലയം പച്ചക്കൊടി കാട്ടിയിരുന്നു. ഇന്ത്യന്‍ നിര്‍മ്മിത വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് 63,000 കോടി രൂപയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചത്. നാല് വര്‍ഷത്തിനുള്ളില്‍ യുദ്ധവിമാനങ്ങളുടെ വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

2029 അവസാനത്തോടെ ഇന്ത്യന്‍ നാവികസേനയ്ക്ക് ആദ്യ ബാച്ച് യുദ്ധ വിമാനങ്ങളും 2031 ഓടെ കരാര്‍ പ്രകാരമുള്ള എല്ലാ വിമാനങ്ങളും ലഭിക്കുമെന്നാണ് വിലയിരുത്തല്‍. വിമാനങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് ഐഎന്‍എസ് വിക്രാന്തിനൊപ്പം ഐഎന്‍എസ് വിക്രമാദിത്യയിലും ഉള്‍പ്പെടുത്താന്‍് നീക്കമുണ്ട്

അറ്റകുറ്റപ്പണി, ലോജിസ്റ്റിക് സപ്പോര്‍ട്ട്, പരിശീലനം, തദ്ദേശീയമായി ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള സാങ്കേതികവിദ്യ എന്നിവയടക്കമുള്ള പാക്കേജാണ് കരാറില്‍ പറയുന്നത്. നാവികസേനയുടെ പ്രതിരോധ, ആക്രമണ ശേഷി വര്‍ധിപ്പിക്കുന്ന ഇടപാടായി ഇതിനെ വിലയിരുത്താന്‍ കഴിയും.