സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നതില്‍ കേന്ദ്ര കമ്മറ്റി അംഗം പി കെ ശ്രീമതിക്ക് പിണറായി വിജയന്റെ വിലക്ക്. പ്രായപരിധി ഇളവ് ബാധകം കേന്ദ്ര കമ്മിറ്റിയില്‍ മാത്രമാണ്, അതുപയോഗിച്ച് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കാനാവില്ലെന്നാണ് പിണറായിയുടെ വാദം. നിങ്ങള്‍ക്ക് ഇവിടെ ആരും പ്രത്യേക ഇളവ് നല്‍കിയിട്ടില്ലെന്ന് കഴിഞ്ഞ പത്തൊമ്പതാം തീയതി നടന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ പിണറായി പികെ ശ്രീമതിയോട് പറഞ്ഞു. ഇതോടെ കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പികെ ശ്രീമതി പങ്കെടുത്തില്ല.
കേന്ദ്ര കമ്മറ്റി അംഗം എന്ന നിലയില്‍ കേരളത്തിലെ നേതൃയോഗങ്ങളില്‍ അംഗങ്ങള്‍ പങ്കെടുക്കാറുണ്ട്. മുന്‍കാലങ്ങളില്‍ കെകെ ഷൈലജ, എളമരം കരീം അടക്കമുള്ളവര്‍ ഇതേ രീതിയിലാണ് പങ്കെടുത്തിരുന്നതും. എന്നാല്‍ അവിടെയാണ് ഇപ്പോള്‍ പിണറായി വിജയന്റെ കടുംവെട്ട് വന്നിരിക്കുന്നത്. നിങ്ങള്‍ക്ക് കേന്ദ്ര കമ്മറ്റിയിലാണ് ഇളവ് നല്‍കിയത്. ആ ഇളവ് വെച്ച് സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കേണ്ടതില്ല എന്ന നിലപാടാണ് പിണറായി വിജയന്‍ സ്വീകരിച്ചത്. കേന്ദ്രകമ്മിറ്റി അംഗമെന്ന നിലയില്‍ കേരളത്തിലെ നേതൃയോഗങ്ങളില്‍ പങ്കെടുക്കാനോ സംഘടനാ ചുമതല ഏറ്റെടുക്കാനോ കഴിയില്ലെന്നാണ് പിണറായിയുടെ നിലപാട്. കേന്ദ്ര കമ്മറ്റി അംഗമായി തുടരുന്നതിനുള്ള പ്രായ പരിധിയില്‍ പികെ ശ്രീമതിക്ക് ഇളവ് നല്‍കിയിരുന്നു. ആ ഇളവ് അനുസരിച്ച് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ശ്രീമതിക്ക് പങ്കെടുക്കാവുന്നതാണ്. എന്നാല്‍ ശ്രീമതി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ 19ന് ചേര്‍ന്ന യോഗത്തിലായിരുന്നു പിണറായി ശ്രീമതിയെ വിലക്കിയത്. എന്നാല്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എന്നിവരുമായി സംസാരിച്ചപ്പോള്‍ ഇത്തരമൊരു വിലക്ക് പറഞ്ഞില്ലല്ലോ എന്ന് പികെ ശ്രീമതി ചോദിച്ചതായാണ് വിവരം.
സംസ്ഥാന സിപിഎമ്മില്‍ പിണറായി ആധിപത്യം തുടരുന്നു എന്നത് വ്യക്തമാക്കുകയാണ് പ്രസ്തുത സംഭവത്തിലൂടെ. നേരത്തെയും സംസ്ഥാന കേന്ദ്ര കമ്മിറ്റികളില്‍ പിണറായി വിജയന്റെ ആധിപത്യം വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ അന്നൊക്കെ സിപിഎം നേതാക്കള്‍ തന്നെ ഇതിനെ എതിര്‍ക്കുകയും, വിയോജിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പി കെ ശ്രീമതിയെ വിലക്കിയ വാര്‍ത്ത പുറത്തു വന്നതോടെ പാര്‍ട്ടിയിലെ പിണറായി വിജയന്റെ സര്‍വ്വാധിപത്യവും, ഒപ്പം പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോരും പുറത്തേക്ക് വരികയാണ്.
എന്നാല്‍ അതേസമയം, വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ പിന്‍വലിക്കണമെന്നും പി.കെ ശ്രീമതി തന്റെ ഔദ്യോഗിക ഫെയ്‌സ്ബക്ക് പോസ്റ്റിലൂടെ രംഗത്ത് വന്നു.