ഇന്ത്യന്‍ നയതന്ത്ര ആഘാതം; പാക് ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച, 2,200 പോയിന്റിലേറെ ഇടിഞ്ഞു

Jaihind News Bureau
Thursday, April 24, 2025

പഹല്‍ഗാമിലെ പാക് ആസൂത്രിത ഭീകരാക്രമണത്തിനെതിരേ ഇന്ത്യയുടെ നയതന്ത്ര ആഘാതത്തിലാണ് പാക്ക് ഓഹരി വിപണി. ഇന്ത്യയുടെ ഉപരോധ പ്രഖ്യാപനങ്ങള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് വ്യാഴാഴ്ച വ്യാപാരത്തില്‍ പാകിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 2,200 പോയിന്റിലധികം ഇടിഞ്ഞു കെഎസ്ഇ-100 സൂചിക 2206.33 പോയിന്റ് ഇടിഞ്ഞാണ് ക്‌ളോസ് ചെയ്തത്.

”പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുമെന്ന ആശങ്കയാണ് അപ്രതീക്ഷിത ഇടിവിനു കാരണമായതെന്ന് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തി . കൂടാതെ അന്താരാഷ്ട്ര നാണയ നിധി (IMF) പാക്കിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്കു കുറച്ചതും വിപണിയെ ബാധിച്ചതായി അവര്‍ അഭിപ്രായപ്പെട്ടു. എന്നിരുന്നാലും തകര്‍ച്ചയുടെ ശക്തി കൂടുന്നതിന് പിന്നിലെ പ്രധാന കാരണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളാണ്. പണപ്പെരുപ്പനിരക്ക് കുറഞ്ഞേക്കുമെന്നും ഇവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. സാമ്പത്തിക വര്‍ഷാവസാനത്തോടെ യുഎസ് ഡോളറിനെതിരെ പാക്ക് രൂപ 285 ആയി കുറയുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യ സിന്ധു ജല ഉടമ്പടിയില്‍ നിന്ന് ഇന്ത്യ പിന്‍മാറിയതാണ് പാക്കിസ്ഥാന് പ്രധാന ആഘാതമായത് . 2019ല്‍ പുല്‍വാമ ആക്രമണത്തി ശേഷവും പാക്കിസ്ഥാന്‍ ഓഹരി വിപണി 5% കുത്തനെ ഇടിവിന് കാരണമായിരുന്നു.